കോഴിക്കോട് : അന്തർ ജില്ല സർവ്വീസ് നടത്തുന്ന ബസ്സുകൾക്ക് ഒറ്റ – ഇരട്ട അക്ക നമ്പർ വ്യവസ്ഥ തലവേദനയാകുന്നു. നമ്പര്‍ അടിസ്ഥാനത്തിലുള്ള ബസ്സ് സര്‍വ്വീസ് നടത്തുന്നത് അതാത് ജില്ല കളക്ടർമാർക്ക് തീരുമാനം എടുക്കാമെന്നാണ് പുതിയ വ്യവസഥ. ജില്ലകളിൽ വ്യത്യസ്ഥ വ്യവസ്ഥകൾ നിലവിൽ വന്നതോടെ സർവ്വീസ് പാതി വഴിയിൽ അവസാനിപ്പിക്കേണ്ടി വരുന്നതായാണ് ബസ്സുടമകളുടെ പരാതി.
കോഴിക്കോട് ജില്ലയിൽ പുതിയ ഉത്തരവ് പ്രകാരം ഒറ്റ ഇരട്ട അക്ക നമ്പർ വ്യവസ്ഥയില്ലാതെ എല്ലാ കാറ്റഗറികളിലും ബസ്സുകൾക്ക് സർവ്വീസ് നടത്താം. എന്നാൽ സി, ഡി കാറ്റഗറി വിഭാഗത്തിൽ പെടുന്ന സ്ഥലങ്ങളിലെ സ്റ്റോപ്പുകളിൽ ബസ്സ് നിർത്താനാവില്ല. സീറ്റിംഗ് കപ്പാസിറ്റിയിൽ കൂടുതൽ യാത്രക്കാരെ അനുവദിക്കാനും പാടില്ല. അതേ സമയം കണ്ണൂർ ജില്ലയിൽ ഇപ്പോഴും ഒറ്റ ഇരട്ട അക്ക വ്യവസ്ഥയിലാണ് ബസ്സുകൾ സർവ്വീസ് നടത്തുന്നത്.
കണ്ണൂരിൽ ഇരട്ട അക്ക ബസ്സ് സർവ്വീസ് നടത്തുന്ന ദിവസം കോഴിക്കോട് നിന്നെടുക്കുന്ന ഒറ്റ അക്ക ബസ്സ് അതിർത്തിയിൽ സർവ്വീസ് നിർത്തേണ്ടി വരും. എന്നാൽ ഇരട്ട അക്ക നമ്പർ ബസ്സിന് കണ്ണൂർ വരെ സർവ്വീസ് നടത്തുകയും ചെയ്യാം. അതിർത്തിയിൽ സർവ്വീസ് നിർത്തുന്ന ബസ്സുകൾ അതിന് ശേഷം ഏത് റൂട്ടിൽ ഓടണമെന്നത് സംബന്ധിച്ചടക്കം ആശയക്കുഴപ്പം തുടരുകയാണ്.
കോഴിക്കോട് ജില്ലയിൽ നിന്നുള്ള ബസ്സ് സർവ്വീസിൽ കൂടുതൽ വ്യക്തത വരുത്തണമെന്നാണ് ബസ്സുടമകളുടെ ആവശ്യം. അന്തർജില്ല സർവ്വീസുകൾക്ക് ഒറ്റ ഇരട്ട അക്ക നമ്പർ വ്യവസ്ഥ പുനസ്ഥാപിക്കണമെന്നും സിറ്റി റൂട്ടുകൾ, ബസ്സുകൾ കുറവുള്ള റൂട്ടുകൾ എന്നിവിടങ്ങളിലേക്ക് എല്ലാ ബസ്സുകളേയും അനുവദിക്കണമെന്നും ബസ്സുടമകള്‍ ആവശ്യപ്പെടുന്നത്.