ന്യൂഡല്‍ഹി: സ്വയംപ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദയ്ക്കെതിരേ രാജ്യാന്തര കുറ്റാന്വേഷണ ഏജന്‍സിയായ ഇന്റര്‍പോള്‍ നോട്ടീസ് പുറപ്പെടുവിച്ചു. ഗുജറാത്ത് പോലീസിന്റെ അപേക്ഷ പരിഗണിച്ചാണ് ഇന്റര്‍പോള്‍ ഇങ്ങനെയൊരു നീക്കം നടത്തിയിരിക്കുന്നത്. അഹമ്മദാബാദിലെ ആശ്രമത്തില്‍ പെണ്‍കുട്ടികളെ ബന്ദിയാക്കി പീഡിപ്പിച്ച കേസില്‍ ഗുജറാത്ത് പോലീസ് നിത്യാനന്ദക്കെതിരേ കേസെടുത്തിരുന്നു. ഇതിനു പിന്നാലെ ആള്‍ദൈവം രാജ്യം വിടുകയായിരുന്നു.
ഡിസംബറില്‍ നിത്യാനന്ദയുടെ പാസ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരുന്നെങ്കിലും അയാള്‍ രാജ്യം വിട്ടിരുന്നു. ഇതിനിടെ ഇക്വഡോറില്‍ കൈലാസം എന്ന പേരില്‍ ഹിന്ദുരാഷ്ട്രം സ്ഥാപിച്ചതായി വെബ്സൈറ്റ് വഴി പ്രഖ്യാപനവുമുണ്ടായി. എന്നാല്‍ നിത്യാനന്ദ തങ്ങളുടെ രാജ്യത്തില്ലെന്ന് ഇക്വഡോര്‍ അറിയിച്ചു.