ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ അന്തർദേശീയ കണ്ടൽ സംരക്ഷണദിനം ആചരിച്ചു. സമഗ്രശിക്ഷാ കേരളം ചെങ്ങന്നൂർ ബി ആർ സിയുടെയും ബുധനൂർ ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂളിലെ നേച്ചർ ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ അന്തർദേശീയ കണ്ടൽ സംരക്ഷണദിനാചരണത്തോട് അനുബന്ധിച്ച് ബുധനൂർ പ്രദേശത്തെ ക്ഷേത്രക്കാവുകൾ സന്ദർശിച്ചു. പരിസ്ഥിതി പ്രവർത്തകരുടെയും അധ്യാപകരുടെയും സഹായത്തോടെ കാവുകളിലെ സസ്യസമ്പത്ത്, കുളങ്ങൾ എന്നിവയെക്കുറിച്ച് പഠനം നടത്തി ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കി.
കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും മണ്ണൊലിപ്പ് തടയാനും വെള്ളം ശുദ്ധീകരിക്കാനും കാറ്റിനെയും തിരമാലകളെയും ചെറുക്കാനും പ്രളയത്തെ ലഘൂകരിക്കാനും സവിശേഷ കഴിവുള്ളവയാണ് കണ്ടൽ കാടുകൾ. അവയെ സംരക്ഷിക്കുന്നതിനും വളർച്ചാ സാധ്യത ഉള്ള മേഖലകളിൽ വ്യാപിപ്പിക്കുന്നതിനുമുള്ള പദ്ധതികൾ കുട്ടികളുടെ പങ്കാളിത്തത്തോടു കൂടി നടപ്പാക്കണമെന്ന് പരിസ്ഥിതി പ്രവർത്തകൻ വി ഹരിഗോവിന്ദ് അഭിപ്രായപ്പെട്ടു. ബി ആർ സി ട്രെയിനർ പ്രവീൺ വി നായർ, നേച്ചർ ക്ലബ് കോർഡിനേറ്റർമാരായ നീതു എസ് ചന്ദ്രൻ, ഷിജിനി, സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ സന്യ എസ്, മീനു കെ എ, ജയലക്ഷ്മി ആർ എന്നിവർ കാവുസന്ദര്ശനങ്ങൾക്ക് നേതൃത്വം നൽകി.