കടുത്തുരുത്തി: മുട്ടുചിറയിലെ പാര്‍സല്‍ സര്‍വിസ് സ്ഥാപനത്തിലെ വാഹനം മോഷ്ടിച്ച സംഭവത്തില്‍ അന്തര്‍ സംസ്ഥാന വാഹന മോഷ്ടാക്കളെ പോലീസ് പിടികൂടി. കൊല്ലം സ്വദേശികളായ ശ്രീകുമാര്‍ (27), ജോസ് (40) എന്നിവരെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.
വാഹനമോഷണവുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ ഇരുവരുടെയും പേരിലുണ്ട്. വിവിധ മോഷണക്കേസുകളില്‍ പ്രതികളായതിനെ തുടര്‍ന്ന് ഇരുവരും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലായിരുന്നു. ശ്രീകുമാര്‍ ഒരുമാസം മുമ്ബും ജോസ് രണ്ടുമാസം മുമ്ബുമാണ് പുറത്തിറങ്ങിയത്. കഴിഞ്ഞദിവസം രാത്രിയിലാണ് മുട്ടുചിറ ഭാഗത്തുള്ള പാര്‍സല്‍ സര്‍വിസ് സ്ഥാപനത്തിന്‍റെ പിന്‍വശത്ത് നിര്‍ത്തിയിട്ട മഹീന്ദ്ര ദോസ്ത് വാഹനം ശ്രീകുമാറും ജോസും ചേര്‍ന്ന് മോഷ്ടിച്ചത്. തുടര്‍ന്ന് ജില്ല പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കുകയും പ്രതികളില്‍ ഒരാളെ കൊല്ലത്തുനിന്നും ഒരാളെ എറണാകുളത്തുനിന്നും പിടികൂടുകയുമായിരുന്നു.