പത്തനംതിട്ട : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പത്തനംതിട്ട ജില്ലാ മോട്ടോർ തൊഴിലാളി ഫെഡറേഷൻ ഐഎൻടിയുസി ജില്ലാ മോട്ടോർ തൊഴിലാളി ക്ഷേമനിധി ഓഫീസിനു മുന്നിൽ ധർണ നടത്തി. കേരള മോട്ടോർ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം പത്തനംതിട്ടയില്‍ നടത്തിയ ധർണ ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി ജ്യോതിഷ് കുമാർ മലയാലപ്പുഴ ഉദ്ഘാടനം ചെയ്തു.
ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികൾക്കും 5000 രൂപ അടിയന്തിര ധനസഹായം അനുവദിക്കുക. തൊഴിലാളികൾക്ക് തിരിച്ചടക്കുന്ന വ്യവസ്ഥയിൽ പതിനായിരം രൂപ പലിശ രഹിത വായ്പ നൽകുക. ഒരുവർഷത്തെ തൊഴിലാളികളുടെ അംശാദായ വിഹിതം പൂർണമായും ഒഴിവാക്കുക. തൊഴിലാളികളുടെ കുട്ടികൾക്ക് ഓൺലൈൻ വിദ്യാഭ്യാസ സൗകര്യം മെച്ചപ്പെടുത്തുന്നതിന് പ്രത്യേക സഹായ പദ്ധതി ഏർപ്പെടുത്തുക. സ്കേറ്റഡ് വിഭാഗം തൊഴിലാളികൾക്ക് ഒരു തവണകൂടി അപേക്ഷ സമർപ്പിക്കാൻ അവസരം നൽകുക. അവർക്ക് നിലവിൽ 1000 രൂപ ധനസഹായം അനുവദിക്കുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
മോട്ടോർ തൊഴിലാളി യൂണിയൻ ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് എ.ഡി ജോൺ അധ്യക്ഷത വഹിച്ചു. ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡന്റ് പി കെ ഇഖ്ബാൽ, ജില്ലാ ജനറൽ സെക്രട്ടറി പി കെ ഗോപി, ആറന്മുള നിയോജക മണ്ഡലം പ്രസിഡന്റ് അജിത് മണ്ണിൽ, കോന്നി നിയോജകമണ്ഡലം പ്രസിഡന്റ് മോഹൻകുമാർ, ബദറുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.