തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയില്‍ പ്രതിസന്ധിയിലായ കോണ്‍ഗ്രസിന്റെ പോഷക സംഘടനകളുടെ പ്രവര്‍ത്തനത്തിലും വിമര്‍ശനം. പാര്‍ട്ടിയെ എന്നും പ്രതിസന്ധിയിലാക്കുന്ന നിലപാടാണ് ഐഎന്‍ടിയുസി സ്വീകരിക്കുന്നതെന്നാണ് പരാതി. കോണ്‍ഗ്രസുമായി ഏറെ സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഐഎന്‍ടിയുസിക്കെതിരെയാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ വിമര്‍ശനം.
കോണ്‍ഗ്രസിന്റെ പോഷക സംഘടനയാണെങ്കിലും എല്ലാകാലവും സ്വതന്ത്ര നിലപാട് സ്വീകരിക്കുന്നതാണ് ഐഎന്‍ടിയുസി സ്വീകരിച്ചിരുന്ന നയം. പാര്‍ട്ടി ഭരണത്തിലുള്ളപ്പോള്‍ പോലും തൊഴിലാളി സംഘടന വീഴ്ചകള്‍ തുറന്നു കാട്ടിയിരുന്നു.
എന്നാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി കോണ്‍ഗ്രസ് പ്രതിപക്ഷത്ത് ആയിട്ടുപോലും ഐഎന്‍ടിയുസി ഭരണപക്ഷ അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്റെ സിപിഎം അനുകൂല നിലപാടിലാണ് പ്രതിഷേധമേറെയും. നേരത്തെ കശുവണ്ടി ഇറക്കുമതിയിലെ 500കോടി രൂപയുടെ അഴിമതി കേസില്‍ ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി പിണറായി സര്‍ക്കാര്‍ നല്‍കിയിരുന്നില്ല. ഇതിനു പിന്നാലെയാണ് ചന്ദ്രശേഖരന്റെ പിണറായി അനുകൂല നിലപാട് കൃത്യമായി പുറത്തുവന്നത്.
ഇതിനെതിരെ ഐഎന്‍ടിയുസിയിലും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്ന നിലപാടാണ് ചന്ദ്രശേഖരന്‍ എല്ലാക്കാലവും സ്വീകരിക്കുന്നതെന്നും അദ്ദേഹത്തെ തല്‍സ്ഥാനത്തുനിന്നും നീക്കണമെന്നുമാണ് ഒരു വിഭാഗം പ്രവര്‍ത്തകരുടെ ആവശ്യം.
തൊഴിലാളി താല്‍പ്പര്യത്തിന് അപ്പുറം തന്റെ സ്വന്തം താല്‍പ്പര്യത്തിനായി പ്രസിഡന്റ് പ്രവര്‍ത്തിക്കുന്നുവെന്നും പ്രവര്‍ത്തകര്‍ പരാതിപ്പെടുന്നുണ്ട്. നേരത്തെ ഐഎന്‍ടിയുസി പാര്‍ട്ടിയുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്നു. പലയിടത്തും തൊഴിലാളി സംഘടനയിലെ പ്രവര്‍ത്തകര്‍ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ചാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടിയും ഐഎന്‍ടിയുസിയും രണ്ടു തട്ടിലാണ് പ്രവര്‍ത്തനം. സിപിഎം അനുകൂല നിലപാടാണ് ഐഎന്‍ടിയുസി ഇപ്പോള്‍ സ്വീകരിക്കുന്നത്. ഇതു ഐഎന്‍ടിയുസി പ്രസിഡന്റിന്റെ മാത്രം താല്‍പ്പര്യമാണെന്നും പ്രവര്‍ത്തകര്‍ പറയുന്നു.