തിരുവനന്തപുരം: നെഞ്ചിലൂടെ കടന്നുപോകുന്ന മഹാധമനിയിലുണ്ടാവുന്ന വീക്കം ചികിത്സിക്കാനുള്ള സ്‌റ്റെന്റ് ഗ്രാഫ്റ്റും അനുബന്ധ സംവിധാനവും തദ്ദേശീയമായി വികസിപ്പിച്ച് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയിലെ ഗവേഷകര്‍. ഇപ്പോള്‍ ഈ ചികിത്സയ്ക്ക് വിദേശത്തുനിന്ന് ഇറക്കുമതിചെയ്യുന്ന സ്‌റ്റെന്റ് ഗ്രാഫ്റ്റുകളാണ് ഉപയോഗിക്കുന്നത്. ഇവയുടെ കുറഞ്ഞവില മൂന്നരലക്ഷം രൂപയാണ്. ശ്രീചിത്ര വികസിപ്പിച്ച സ്‌റ്റെന്റ് ഗ്രാഫ്റ്റും സംവിധാനവും വിപണിയിലെത്തുന്നതോടെ ചികിത്സച്ചെലവ് ഗണ്യമായി കുറയുമെന്ന് ഡയറക്ടര്‍ ഡോ. ആശാ കിഷോര്‍ പറഞ്ഞു.
കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ ബയോമെഡിക്കല്‍ ടെക്‌നോളജി വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌നിക്കല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ബയോമെഡിക്കല്‍ ഡിവൈസാണ് സ്‌റ്റെന്റ് ഗ്രാഫ്റ്റ് വികസിപ്പിച്ചത്. പോളിസ്റ്റര്‍ തുണി, നിക്കല്‍-ടൈറ്റാനിയം ലോഹസങ്കരം എന്നിവ ഉപയോഗിച്ചാണു നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന്റെ സാങ്കേതികവിദ്യ വൈദ്യശാസ്ത്ര ഉപകരണ കമ്പിനിക്ക് ഉടന്‍ കൈമാറും. ഇതുമായി ബന്ധപ്പെട്ട് ആറു പേറ്റന്റ് അപേക്ഷകളും അഞ്ച് ഡിസൈന്‍ രജിസ്‌ട്രേഷനുകളും അധികൃതര്‍ക്കു സമര്‍പ്പിച്ചിട്ടുണ്ട്.
അറുപതുവയസ്സ് പിന്നിട്ട അഞ്ചുശതമാനം പേരില്‍ കണ്ടുവരുന്ന രോഗാവസ്ഥയാണ് നെഞ്ചിന്റെ ഭാഗത്തുള്ള മഹാധമനിയിലെ വീക്കം. ഇതില്‍ വിള്ളലുകളുണ്ടായാല്‍ മരണംവരെ സംഭവിക്കാം. ഇന്ത്യയില്‍ ഒരുലക്ഷം ആളുകളില്‍ 510 പേര്‍ക്ക് ധമനിവീക്കം ഉണ്ടാകുന്നതായാണു കണക്ക്. പലപ്പോഴും കാര്യമായ രോഗലക്ഷണങ്ങള്‍ ഉണ്ടാകാറില്ലെന്നത് അപകടസാധ്യത വര്‍ധിപ്പിക്കുന്നു. നെഞ്ചുവേദന, നടുവേദന, കിതപ്പ്, ആഹാരം ഇറക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് ലക്ഷണങ്ങള്‍. പുകവലി, ഉയര്‍ന്ന രക്തസമ്മര്‍ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ നില, പ്രായം, ധമനികളുടെ കട്ടികൂടുക, പ്രമേഹം, പാരമ്പര്യം എന്നിവയാണു രോഗകാരണങ്ങള്‍.
ഡോ. സുജേഷ് ശ്രീധരന്‍, ഡോ. ഇ.ആര്‍. ജയദേവന്‍, കാര്‍ഡിയോ വാസ്‌കുലാര്‍ തൊറാസിക് സര്‍ജറി വിഭാഗത്തില്‍നിന്നു വിരമിച്ച സീനിയര്‍ പ്രൊഫസര്‍ ഡോ. എം. ഉണ്ണികൃഷ്ണന്‍, സി.വി. മുരളീധരന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഗവേഷണ സംഘമാണ് സംവിധാനം വികസിപ്പിച്ചത്. ഉപയോഗിച്ചിരിക്കുന്ന നിക്കല്‍-ടൈറ്റാനിയം ലോഹസങ്കരം നിര്‍മിച്ചിരിക്കുന്നത് ബെംഗളൂരുവിലെ നാഷണല്‍ എയ്‌റോസ്‌പെയ്‌സ് ലബോറട്ടറീസ് ആണ്. ശസ്ത്രക്രിയയോ ധമനിയില്‍ വീക്കമുള്ള ഭാഗത്ത് സ്‌റ്റെന്റ് ഗ്രാഫ്റ്റ് സ്ഥാപിച്ചു നടത്തുന്ന എന്‍ഡോവാസ്‌കുലാര്‍ അയോട്ടിക് റിപ്പയറൊ ആണ് പ്രധാന ചികിത്സകള്‍. ശസ്ത്രക്രിയയില്‍ അപകടസാധ്യത കൂടുതലാണ്. അതിനാല്‍ എന്‍ഡോവാസ്‌കുലാര്‍ അയോട്ടിക് റിപ്പയര്‍ ചികിത്സയ്ക്കാണ് ഡോക്ടര്‍മാര്‍ പ്രാമുഖ്യം നല്‍കുന്നത്.