കൊല്‍ക്കത്ത: 2016-ല്‍ പശ്ചിമ ബംഗാള്‍ സ്‌കൂള്‍ സര്‍വീസ് കമ്മീഷന്‍ നടത്തിയ 25,000-ല്‍ അധികം അധ്യാപക-അനധ്യാപക ജീവനക്കാരുടെ നിയമനങ്ങള്‍ റദ്ദാക്കിക്കൊണ്ടുള്ള കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി അടുത്തിടെയാണ് ശരിവെച്ചത്. നിയമന നടപടികള്‍ വഞ്ചനാപരമാണെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് പി.വി. സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. വിധിക്ക് പിന്നാലെ ജോലി നഷ്ടപ്പെട്ട അധ്യാപകർ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധമാർച്ച് നടത്താനാണ് അധ്യാപകരുടെ തീരുമാനം. മാർച്ചിൽ പങ്കെടുക്കണമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയോട് ഇവർ ആവശ്യപ്പെട്ടെങ്കിലും ഗാംഗുലി ഇത് നിരാകരിച്ചതായാണ് വിവരം.
വ്യാഴാഴ്ച പ്രതിഷേധക്കാര്‍ സൗരവ് ഗാംഗുലിയുടെ വീട്ടില്‍ പോയി താരത്തെ കാണാന്‍ ശ്രമിച്ചിരുന്നു. ഏപ്രില്‍ 21 ന് സംഘടിപ്പിക്കുന്ന വെസ്റ്റ് ബംഗാള്‍ സെക്രട്ടേറിയറ്റ് മാര്‍ച്ചിലേക്ക് ക്ഷണിക്കാനാണ് ഇവര്‍ വീട്ടിലേക്ക് പോയത്. എന്നാല്‍ പോലീസ് ഇവരെ തടയുകയും പിന്നാലെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു. മുന്‍കൂര്‍ അനുമതി വാങ്ങാതെ ഗാംഗുലിയെ കാണാനാവില്ലെന്നാണ് പോലീസ് അറിയിച്ചത്. തന്നെ രാഷ്ട്രീയവിഷയങ്ങളുടെ ഭാഗമാക്കരുതെന്ന് ഗാംഗുലി പറഞ്ഞതായി റിപ്പോര്‍ട്ടുകൾ. അധ്യാപകര്‍ പ്രതിഷേധ മാര്‍ച്ചിന് ക്ഷണിച്ചുകൊണ്ടുള്ള കത്ത് ഒരു ഓഫീസ് സ്റ്റാഫിന് കൈമാറാന്‍ ശ്രമിച്ചെങ്കിലും വാങ്ങാന്‍ തയ്യാറായില്ല. ഗാംഗുലിയെ നേരിട്ട് കണ്ടോളൂ എന്ന മറുപടി നല്‍കിയത്. ജോലി പുഃനസ്ഥാപിക്കാനുള്ള നടപടികൾ മമതാ സർക്കാർ സ്വീകരിക്കണമെന്നാണ് അധ്യാപകരുടെ ആവശ്യം.
അധ്യാപകരുടെ നിയമനവും സേവനവും അവസാനിപ്പിക്കണമെന്ന ഹൈക്കോടതിയുടെ തീരുമാനത്തില്‍ ഇടപെടാന്‍ യാതൊരു കാരണവും കാണുന്നില്ലെന്നാണ് നേരത്തേ സുപ്രീം കോടതി വ്യക്തമാക്കിയത്. നിയമനം കിട്ടിയവര്‍ ഇതുവരെ വാങ്ങിയ ശമ്പളം തിരികെ നല്‍കേണ്ടതില്ലെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു. 2024 ഏപ്രിലാണ് 25,573 അധ്യാപക-അനധ്യാപക നിയമനങ്ങള്‍ റദ്ദാക്കിക്കൊണ്ട് കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടത്. നിയമനം കിട്ടിയവര്‍ ഇതുവരെ വാങ്ങിയ ശമ്പളവും അതിന്റെ 12 ശതമാനം പലിശയും മടക്കി നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, ഈ ഉത്തരവ് തടഞ്ഞുവെക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. ഒപ്പം സംഭവത്തില്‍ സിബിഐ അന്വേഷണത്തിനും അനുവാദം നല്‍കി.