ദില്ലി : കേന്ദ്ര കാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതി സ്വകാര്യവത്കരിക്കേണ്ട ബാങ്കുകൾ ഏതൊക്കെയെന്ന് നിശ്ചയിച്ചതായി റിപ്പോർട്ട് . ഇന്ത്യൻ ഓവർസീസ് ബാങ്കും സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയും ഇതിനായി തെരഞ്ഞെടുക്കപ്പെടുമെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.
പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യ വത്കരണത്തിനായി വരുത്തേണ്ട നിയമ ഭേദഗതികളെക്കുറിച്ചും സമിതി പരിശോധിക്കുന്നുണ്ട്. നീതി ആയോഗിന്റെ നിർദ്ദേശങ്ങളിൽ ജൂൺ 24 ന് ചേർന്ന ഉന്നത യോഗമാണ് അന്തിമ തീരുമാനം കൈക്കൊണ്ടതെന്ന് റിപ്പോർട്ട് ചെയ്യുന്നു.
സ്വകാര്യവത്കരണത്തിനുള്ള അന്തിമ പട്ടികയിലുൾപ്പെട്ട ബാങ്കുകളുടെ പേരുകൾ ഉന്നത സമിതി കേന്ദ്രസർക്കാരിന്റെ അനുമതിക്കായി വെക്കും. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. നടപ്പു സാമ്പത്തിക വർഷം ആസ്തി വിറ്റഴിച്ച് 1.75 ലക്ഷം കോടി രൂപ നേടാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.