മുംബൈ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17 -ാം സീസണിനായുള്ള പടയൊരുക്കത്തിലേക്ക് ടീമുകള്‍ കടന്ന് കഴിഞ്ഞു. ചെന്നൈ സൂപ്പര്‍ കിങ്സ് ഉള്‍പ്പെടെ പല പ്രധാന ടീമുകളും ഇത്തരത്തില്‍ പരിശീലന ക്യാംപുകള്‍ ആരംഭിച്ചിട്ടുണ്ട്. മെഗാ ലേലത്തിന് മുമ്പ് നടക്കുന്ന അവസാന സീസണെന്ന നിലയില്‍ ഇത്തവണത്തെ സീസണിന് പ്രാധാന്യം ഏറെയാണ്. അതുകൊണ്ടുതന്നെ കപ്പടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ടീമുകളെല്ലാം. ഇക്കാരണത്താല്‍ത്തന്നെ ഇത്തവണ പോരാട്ടം കൂടുതല്‍ കടുക്കും. മിനി താരലേലം നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു. പല പുതിയ താരങ്ങളും ഇത്തവണ ടീമുകളിലേക്കെത്തിയിട്ടുണ്ട്. ഈ സീസണിലൂടെ അരങ്ങേറ്റം നടത്താനും ഞെട്ടിക്കാനും കാത്തിരിക്കുന്ന അഞ്ച് വിദേശ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം ദില്‍ഷന് മധുശന്‍കയാണ്. 2023 ലെ ഏകദിന ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച് ഞെട്ടിച്ച താരമാണ് ദില്‍ഷന്‍ മധുശന്‍ക. ഇടം കൈയന്‍ പേസര്‍ ന്യൂബോളില്‍ മികവ് കാട്ടാന്‍ കെല്‍പ്പുള്ളവനാണ്.
മിനി ലേലത്തിലൂടെ മുംബൈ ഇന്ത്യന്‍സാണ് താരത്തെ സ്വന്തമാക്കിയത്. വരുന്ന സീസണില്‍ ഗംഭീര പ്രകടനം നടത്താന്‍ ശേഷിയുള്ള ബൗളറാണ് മധുശന്‍ക. മുംബൈയുടെ കുന്തമുനയായി വരുന്ന സീസണില്‍ ശ്രീലങ്കന്‍ താരമുണ്ടാവും. ശ്രീലങ്കയുടെ നുവാന്‍ തുഷാരയാണ് അരങ്ങേറ്റം കാത്തിരിക്കുന്ന മറ്റൊരു പേസര്‍. ഡെത്തോവറില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കാന്‍ കഴിവുള്ള താരമാണ് നുവാന്‍ തുഷാര. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികവ് കാട്ടിയ നുവാന്‍ ഇത്തവണ മുംബൈ ഇന്ത്യന്‍സിനൊപ്പമാണ്. രണ്ട് വിദേശ പേസര്‍മാരെ മുംബൈ ടീമിലേക്ക് പരിഗണിച്ചാല്‍ ചിലപ്പോള്‍ നുവാന്‍ തുഷാരക്ക് അവസരം ലഭിച്ചേക്കും. ജസ് പ്രീത് ബുംറക്കൊപ്പം അവസാന ഓവറുകളില്‍ ഞെട്ടിക്കാന്‍ നുവാന് പ്രതിഭയുണ്ട്. സ്പെന്‍സര്‍ ജോണ്‍സനാണ് എല്ലാവരേയും ഞെട്ടിക്കാന്‍ കാത്തിരിക്കുന്ന മറ്റൊരു താരം. ഓസ്ട്രേലിയന്‍ പേസറെ ഗുജറാത്ത് ടൈറ്റന്‍സാണ് സ്വന്തമാക്കിയത്. ന്യൂബോളിലും ഡെത്തോവറിലും മികവ് കാട്ടാന്‍ താരത്തിന് ശേഷിയുണ്ട്.
വരുന്ന ഐപിഎല്ലില്‍ മുഹമ്മദ് ഷമിക്കൊപ്പം ഗുജറാത്ത് നിരയില്‍ ഞെട്ടിക്കാന്‍ സ്പെന്‍സര്‍ ജോണ്‍സണുമുണ്ടാവാനാണ് സാധ്യത. ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ഗസ് ആറ്റ്കിന്‍സനാണ് മറ്റൊരു പേസര്‍. 26കാരനായ താരം ഇംഗ്ലണ്ടിനായി 3 ടി20 യില്‍ നിന്ന് 6 വിക്കറ്റുകളാണ് നേടിയത്. 9ന് മുകളിലാണ് അദ്ദേഹത്തിന്റെ ഇക്കോണമി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പമാണ് ആറ്റ്കിന്‍സനുള്ളത്. ശക്തമായ ബൗളിങ് നിരയുള്ള കെകെആറില്‍ ബാക്കപ്പ് ബൗളറായി അദ്ദേഹത്തെ പരിഗണിക്കാനാണ് സാധ്യത. വരുന്ന സീസണില്‍ ഞെട്ടിക്കാന്‍ കെല്‍പ്പുള്ള ബൗളര്‍മാരിലൊരാളാണ് ആറ്റ്കിന്‍സനെന്ന് പറയാം. സ്റ്റാര്‍ക്കിനേയും ആറ്റ്കിന്‍സനേയും ഒരുമിച്ച് കെകെആര്‍ കളിപ്പിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. വാലറ്റത്ത് ബാറ്റുകൊണ്ടും ഭേദപ്പെട്ട പ്രകടനം നടത്തുന്ന താരമാണ് ആറ്റ്കിന്‍സന്‍. നാന്ദ്രേ ബര്‍ഗറാണ് മറ്റൊരു പേസര്‍. സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിനൊപ്പമാണ് താരമുള്ളത്. ട്രന്റ് ബോള്‍ട്ടിനൊപ്പം പ്ലേയിങ് 11ലേക്കെത്താന്‍ കഴിവുള്ള താരമാണ് ബര്‍ഗര്‍. ദക്ഷിണാഫ്രിക്കക്കാരനായ താരം ഒരു ടി20യാണ് ദേശീയ ടീമിനായി കളിച്ചത്. ഒരു വിക്കറ്റും നേടി.
9 ന് മുകളിലാണ് ഇക്കോണമി. എന്നാല്‍ ഐപിഎല്ലില്‍ ശോഭിക്കാന്‍ കഴിവുള്ള താരമാണ് ബര്‍ഗര്‍. രാജസ്ഥാന്‍ റോയല്‍സിനൊപ്പം താരത്തെ പ്രതീക്ഷിക്കാം. വരുന്ന ഐപിഎല്‍ സീസണ്‍ എംഎസ് ധോണിയുടെ കരിയറിലെ അവസാന ഐപിഎല്ലാണെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ സിഎസ്‌കെ കിരീടം നേടണമെന്ന് ആഗ്രഹിക്കുന്നവരാണ് കൂടുതല്‍. മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്ത് നിന്ന് രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ തിരികെ എത്തിച്ചത് എങ്ങനെ ടീമിനെ ബാധിക്കുമെന്നതും കണ്ടറിയണം. ഹാര്‍ദിക് ടീം വിട്ടതോടെ ഗുജറാത്ത് ടൈറ്റന്‍സ് പിന്നോട്ട് പോകുമോയെന്നതും കാത്തിരുന്ന് കാണാം. എന്തായാലും വരുന്ന സീസണ്‍ ആരാധകരെ സംബന്ധിച്ച് പല കാരണങ്ങള്‍ക്കൊണ്ടും പ്രധാനപ്പെട്ടതായിരിക്കുമെന്നുറപ്പ്.