തെഹ്റാന്: എണ്ണ പൈപ്പ്ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയില്‍ മൂന്ന് തൊഴിലാളികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. പെട്രോളിയം മന്ത്രാലയത്തിന്റെ ഷാന ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. ഇലാം പ്രവിശ്യയിലുള്ള നാഷനല്‍ ഇറാന്‍ ഓയില്‍ കമ്പിനിയുടെ സ്ഥാപനത്തിലാണ് അപകടമുണ്ടായത്. ചെഷ്മെ ഖോഷില്‍ നിന്ന് അഹ്വാസിലേക്കുള്ള 20 ഇഞ്ച് പൈപ്പ്ലൈനില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് അപകടം. തീപിടുത്തം നിയന്ത്രണ വിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു.
അമേരിക്കയുടെ ഉപരോധം നിലനില്‍ക്കുന്നതിനാല്‍ യന്ത്രസാമഗ്രികളുടെ ഇറക്കുമതി ദുഷ്കരമായതിനാല് ഇറാനില്‍ ഇത്തരത്തിലുള്ള അപകടങ്ങള്‍ പതിവാണ്. ഇസ്രയേലുമായുള്ള സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ ചാരസംഘടനയായ മൊസാദ് അടക്കമുള്ളവരാണ് ഈ അപകടങ്ങള്‍ക്ക് പിന്നിലെന്ന് സംശയിക്കുന്നവരുമുണ്ട്.