ടെഹ്റാൻ: ഇറാന്റെ യുദ്ധസമാന നീക്കത്തെ കുടത്തിലാക്കാൻ ചൈന രംഗത്തെത്തി. യുദ്ധസാദ്ധ്യത എവിടെ രൂപപ്പെട്ടാലും ഏതെങ്കിലും വിധത്തിൽ അത് എല്ലാവരെയും ബാധിക്കുമെന്നിരിക്കെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കരുതലോടെയാണ് ഇറാനും പാകിസ്ഥാനും തമ്മിലുള്ള യുദ്ധനീക്കത്തെ നിരീക്ഷിക്കുന്നത്.
ഇറാനും പാകിസ്ഥാനും പരസ്പരം ആക്രമിച്ചതോടെ ഇരു രാജ്യങ്ങളുടെയും ഉറ്റ സുഹൃത്തായ ചൈന മദ്ധ്യസ്ഥതയ്ക്ക് ഒരുങ്ങുകയാണ്. സംയമനം പാലിക്കണമെന്നും സംഘർഷം രൂക്ഷമാക്കരുതെന്നും മദ്ധ്യസ്ഥതയ്ക്ക് തയ്യാറാണെന്നും ചൈനീസ് വിദേശകാര്യ വക്താവ് ബീജിംഗിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ചൊവ്വാഴ്ച ഇറാൻ പാക് വ്യോമാതിർത്തി ലംഘിച്ച് നടത്തിയ മിസൈൽ ആക്രമണത്തിന് തിരിച്ചടിയായി ഇന്നലെ പുലർച്ചെ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ ഇറാനിൽ ഒൻപത് പേർ കൊല്ലപ്പെട്ടു. ഇറാനിലെ സിസ്താൻ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട്, ബലൂചിസ്ഥാൻ ലിബറേഷൻ ആർമി എന്നീ ഭീകരഗ്രൂപ്പുകളുടെ ഏഴ് താവളങ്ങൾ ആക്രമിച്ചതായും നിരവധി ഭീകരർ കൊല്ലപ്പെട്ടതായും പാക് വിദേശമന്ത്രാലയം അറിയിച്ചു. മർഗ് ബർ സർമാചാർ (ഗറില്ല പോരാളികൾക്ക് മരണം) എന്ന പേരിലായിരുന്നു പാക് ഓപ്പറേഷൻ.
സംഘർഷം രൂക്ഷമാക്കുന്ന കൂടുതൽ നടപടികളിലേക്ക് നീങ്ങരുതെന്ന് ഇറാന് പാകിസ്ഥാൻ മുന്നറിയിപ്പും നൽകി. ഇറാൻ വിദേശമന്ത്രാലയം പാക് നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി അടിയന്തര വിശദീകരണം ആവശ്യപ്പെട്ടു. പാക് പ്രധാനമന്ത്രി അൻവാറുൾ ഹഖ് കാക്കറും വിദേശമന്ത്രി ജലീൽ അബ്ബാസ് ജിലാനിയും വിദേശ സന്ദർശം വെട്ടിച്ചുരുക്കി നാട്ടിലേക്ക് തിരിക്കുകയും ചെയ്തിട്ടുണ്ട്.





























