ടെഹ്‌റാന്‍ : പലസ്തീനില്‍ ഈസ്രായേല്‍ വ്യോമാക്രമണം തുടരുന്നതിനിടെ ഉഭയകക്ഷി ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കാനുറച്ച് സൗദി അറേബ്യയും ഇറാനും. ഇതിന്റെ ഭാഗമായി ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍-അബ്ദുള്ളാഹിയാനും സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദും തമ്മില്‍ ഫോണ്‍ സംഭാഷണം നടത്തി. സംഭാഷണത്തില്‍ ഉഭയകക്ഷി സഹകരണം വിപുലീകരിക്കുമെന്ന് ഇരുനേതാക്കളും വാഗ്ദാനം ചെയ്തു. കൂടാതെ ഗാസ മുനമ്പിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് ഇസ്രയേലിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഗാസ മുനമ്പിലെയും വെസ്റ്റ് ബാങ്കിലെയും പലസ്തീന്‍ ജനതയ്‌ക്കെതിരായ ഇസ്രായേലിന്റെ ആക്രമണങ്ങളെയും 1.3 ദശലക്ഷത്തിലധികം പലസ്തീന്‍കാര്‍ക്ക് അഭയം നല്‍കുന്ന ഗാസയുടെ തെക്കേ അറ്റത്തുള്ള നഗരമായ റഫയ്‌ക്കെതിരായ ഇസ്രായേലിന്റെ ഭീഷണികളെയും ഇറാന്‍ വിദേശകാര്യ മന്ത്രി വിമര്‍ശിച്ചു. യുദ്ധത്തെ ഒരു പരിഹാരമായി ഞങ്ങള്‍ കണക്കാക്കുന്നില്ല. പക്ഷേ പ്രശ്നം രാഷ്ട്രീയമായി ഉടനടി പരിഹരിച്ചില്ലെങ്കില്‍, പ്രദേശത്തിന്റെ സുരക്ഷയിലും സ്ഥിരതയിലും ഇസ്രായേല്‍ തുടരുന്ന വംശഹത്യയുടെ പ്രതികൂല ഫലങ്ങള്‍ അനിവാര്യമായിരിക്കും. അമീര്‍-അബ്ദുള്ളാഹിയന്‍ പറഞ്ഞു. ഗാസയിലെ നിലവിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപ്പറേഷന്‍ (ഒഐസി) വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗം ചേരും.
ഗാസയിലെ പ്രതിസന്ധി അവസാനിപ്പിക്കാനുള്ള അന്താരാഷ്ട്ര ആഹ്വാനങ്ങള്‍ അവഗണിച്ചതിനും ഇസ്രായേലിന്റെ വംശഹത്യ തടയാനും ഒഐസിയുടെ വിദേശകാര്യ മന്ത്രിമാരുടെ കൗണ്‍സില്‍ അടിയന്തര യോഗം ചേരാനുള്ള ഇറാനിയന്‍ വിദേശകാര്യ മന്ത്രിയുടെ നിര്‍ദ്ദേശത്തെ സൗദി വിദേശകാര്യ മന്ത്രി സ്വാഗതം ചെയ്തു. വിവിധ സാമ്പത്തിക, വ്യാപാര മേഖലകളില്‍ ഉഭയകക്ഷി സഹകരണം വിപുലീകരിക്കേണ്ടതിന്റെ ആവശ്യകതയും ഇരുവരും ചര്‍ച്ച ചെയ്തു. അന്താരാഷ്ട്ര നിയമത്തിന്റെ ചട്ടക്കൂടിനുള്ളില്‍ ഇരുരാജ്യങ്ങളുടെയും സ്വകാര്യ മേഖലകള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും കൂടിയാലോചനകളും തുടരേണ്ടതിന്റെ ആവശ്യകതയും രണ്ട് മന്ത്രിമാരും അടിവരയിട്ടു. കഴിഞ്ഞ ഡിസംബറില്‍ സൈനിക, പ്രതിരോധ മേഖലകളില്‍ ഇരു രാജ്യങ്ങളും ഉഭയകക്ഷി ബന്ധം അവലോകനം ചെയ്യുകയും പൊതു താല്‍പ്പര്യമുള്ള നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. ഇറാനും സൗദി അറേബ്യയും 2016 ല്‍ നയതന്ത്ര ബന്ധം വിച്ഛേദിച്ചിരുന്നു. എന്നാല്‍ അതിന് ശേഷം നയതന്ത്രബന്ധം പുനരാരംഭിക്കുന്നതിന് 2023 മാര്‍ച്ചില്‍ ചൈനയുടെ മധ്യസ്ഥതയില്‍ കരാര്‍ ഒപ്പുവെച്ചിരുന്നു. ഇതിന് പിന്നാലെ ഏതാനും മാസങ്ങള്‍ക്ക് ശേഷം ഇരുപക്ഷവും തങ്ങളുടെ എംബസികള്‍ വീണ്ടും തുറക്കുകയും ചെയ്തിരുന്നു. ഇസ്രായേലിന്റെ ഗാസ ആക്രമണത്തെ നിശിതമായാണ് ഇറാന്‍ വിമര്‍ശിച്ചിരുന്നത്. ഹമാസിന് പരസ്യ പിന്തുണയും ഇറാന്‍ വാഗ്ദാനം ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഇറാനുമായി സൈനിക മേഖലയില്‍ അടക്കം സഹകരണം ഊട്ടിയുറപ്പിക്കാനുള്ള സൗദി അറേബ്യയുടെ നീക്കം ശ്രദ്ധേയമാണ്.