വാഷിങ്ടൺ : ഇറാൻ മുന്നോട്ടുവെച്ച ഏഴുദിന വെടിനിർത്തൽ നിർദേശം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിരാകരിച്ചതായി റിപ്പോർട്ട്. നവംബറിൽ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിനുശേഷം യുഎസ്, ആക്രമണം പുനഃരാരംഭിക്കുമെന്നും ട്രംപ് സൂചന നൽകി. ലെബനൻ ഉൾപ്പെടെ, പശ്ചിമേഷ്യയിലെ എല്ലാ യുദ്ധമുന്നണികളിലെയും ആക്രമണങ്ങളും ശത്രുതാപരമായ നടപടികളും ഏഴുദിവസത്തേക്ക് നിർത്തിവെക്കുക, ഇറാന്റെ മരവിപ്പിച്ച വിദേശ ആസ്തിയിൽ കുറഞ്ഞത് 1200 കോടി ഡോളർ വിട്ടുനൽകുക, ഇറാൻ എണ്ണയ്ക്കുള്ള യു.എസ്. ഉപരോധം നീക്കുക, ഇറാനെതിരായ യു.എസ്. നാവിക ഉപരോധം അവസാനിപ്പിക്കുക എന്നിവയാണ് പുതിയ നിർദേശത്തിലെ വ്യവസ്ഥകൾ. അതുപ്രകാരം വെടിനിർത്തലിന്റെ ഏഴാം ദിവസം ഹോർമുസ് കടലിടുക്ക് തുറക്കാമെന്നാണ് ഇറാന്റെ നിലപാട്.
ഖത്തർ മുഖാന്തരം, ഏഴുദിവസത്തെ ഒരു പദ്ധതി ഇറാൻ, യുഎസിന് കൈമാറിയിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വെള്ളിയാഴ്ച യുഎന്നിൽ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. അമേരിക്ക ഉപാധികൾ അംഗീകരിക്കുന്നപക്ഷം ഹോർമുസ് കടലിടുക്ക് തുറക്കുമെന്നും അതുവഴിയുള്ള ചരക്കുനീക്കം ഏഴ് ദിവസത്തിനകം സാധാരണഗതിയിലാക്കുമെന്നും യുഎസിനെ അറിയിച്ചു. ഇനി തീരുമാനം യുഎസിന്റേതാണ്. ബലപ്രയോഗം, ഭീഷണികൾ, ഭയപ്പെടുത്തൽ എന്നിവ ഇറാൻ അംഗീകരിക്കില്ല. സമ്മർദത്തിന് വഴങ്ങി ഇറാൻ തങ്ങളുടെ പരമാധികാരം അടിയറവെക്കില്ലെന്നും അരാഗ്ചി പറഞ്ഞിരുന്നു. ഇറാൻ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് നിർദേശം ട്രംപ് നിരാകരിച്ചതായി രാജ്യാന്തരമാധ്യമമായ വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തത്. വിഷയത്തെക്കുറിച്ച് ധാരണയുള്ള ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ചാണ് അവർ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.






























