ഇരിങ്ങാലക്കുട : കുറിസംഖ്യ നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. കാട്ടൂർ ആലപ്പാട്ട് കോട്ടോളി വീട്ടിൽ ഷിബു ആന്റോ ഡേവിഡ് ഫയൽ ചെയ്ത ഹർജിയിലാണ് ഇരിങ്ങാലക്കുടയിലെ ടൗൺ കുറീസ് ആന്റ് ലോൺസ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ കോടതി വിധിയുണ്ടായത്. കുറി വിളിച്ചത് പ്രകാരം ഷിബുവിന് 4,65,100 രൂപ ലഭിക്കണം. കുറിയുടെ ബാക്കി തവണകളിലേക്ക് 1,07,460 രൂപയും മറ്റൊരു കുറിക്ക് ജാമ്യം നിന്ന വകയില്‍ 28,000 രൂപയും ഉള്‍പ്പെടെ 1,35,460 രൂപ കുറിസ്ഥാപനത്തിലേക്ക് ഷിബു നല്‍കുവാന്‍ ഉണ്ടായിരുന്നു. ഈ തുക കുറച്ചാല്‍ 3,29,640 രൂപ ഷിബുവിന് ലഭിക്കണം. എന്നാല്‍ കുറിസ്ഥാപനം നല്‍കിയത് 1,50,000 രൂപ മാത്രമാണ്. പരാതിക്കാരന് ലഭിക്കേണ്ട ബാലന്‍സ് തുകയായ 1,79,640 രൂപ കുറി സ്ഥാപനം നല്‍കിയില്ല. ഇതിനെത്തുടര്‍ന്ന് ഷിബു ആന്റോ ഡേവിഡ് കുറി കമ്പനിക്കെതിരെ തൃശൂർ ഉപഭോക്തൃകോടതിയില്‍ പരാതി നല്‍കുകയായിരുന്നു.
കുറിസംഖ്യ നൽകാതിരുന്നത് അനുചിത ഇടപാടും സേവനത്തിലെ വീഴ്ചയുമാണെന്ന് വിലയിരുത്തിയ പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി ഹർജിക്കാരന് 1,79,640 രൂപയും നഷ്ടപരിഹാരമായി 25,000 രൂപയും ചിലവിലേക്ക് 5,000 രൂപയും ഹർജി തീയ്യതി മുതൽ 9% പലിശയും നൽകുവാൻ വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി.
—
ചിട്ടി വട്ടമെത്തിയാലും കൊടുക്കാതെ തട്ടിപ്പ് നടത്തുന്ന കുറിക്കമ്പിനികള്‍, റിയല്‍ എസ്റ്റേറ്റ് രംഗത്തെ തട്ടിപ്പുകള്‍, ഫ്ലാറ്റ് തട്ടിപ്പ്, മണി ചെയിന്‍, മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ്, തൊഴില്‍ തട്ടിപ്പ്, ജ്വല്ലറികളുടെ സ്വര്‍ണ്ണാഭരണ തട്ടിപ്പുകള്‍, ഇന്‍ഷുറന്‍സ് തട്ടിപ്പ്, മൈക്രോ ഫിനാന്‍സ് തട്ടിപ്പ്, സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പ്, ഓണ്‍ലൈന്‍ തട്ടിപ്പുകള്‍. ഇന്‍സ്റ്റന്റ് ലോണ്‍ തട്ടിപ്പ് …. തുടങ്ങിയ നിരവധി തട്ടിപ്പുകളാണ് ഓരോ ദിവസവും കേരളത്തില്‍ അരങ്ങേറുന്നത്. ഇതിനെതിരെ പ്രതികരിക്കേണ്ടത് ജനങ്ങളാണ്, ബോധവാന്മാരാകേണ്ടത് വിദ്യാസമ്പന്നരായ കേരള ജനതയാണ്. തട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമായ തെളിവ് സഹിതം ഞങ്ങള്‍ക്ക് നല്‍കുക. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം – Call/Whatsapp 94473 66263, Call 85471 98263, Mail – [email protected].