പത്തനംതിട്ട : നഗരസഭയുടെ കാർഷിക പദ്ധതി നിർവഹണത്തിൽ ക്രമക്കേടെന്ന് കണ്ടെത്തൽ. കുറ്റിക്കുരുമുളക് തൈകൾ വാങ്ങി വിതരണം ചെയ്യുന്നതിനായി ആവിഷ്കരിച്ച പദ്ധതിയിൽ ഓഡിറ്റ് വിഭാഗമാണ് ക്രമക്കേട് കണ്ടെത്തിയത്. ഇരട്ടിവിലയ്ക്ക് കുരുമുളകുതൈകൾ വാങ്ങുകയും തൈകൾ വിതരണംചെയ്തതായി വ്യാജരേഖ ചമയ്ക്കുകയും ചെയ്തതുമൂലം നഗരസഭയ്ക്ക് 2.09 ലക്ഷം രൂപ നഷ്ടമായെന്നാണ് കണ്ടെത്തൽ. ‘ഞങ്ങളും കൃഷിയിലേക്ക്-കുരുമുളക് കൃഷി വികസനം’ എന്ന പദ്ധതിയുടെ ഭാഗമായി തൈ ഒന്നിന് 100 രൂപയ്ക്കാണ് തൈകൾ വാങ്ങിയത്.
4,19,600 രൂപ ഇതിനായി ചെലവായി. ഗുണനിലവാരമുള്ള പോളിബാഗിൽ തയ്യാറാക്കിയ കുരുമുളകുതൈ 50 രൂപയ്ക്ക് ലഭിക്കുന്ന സാഹചര്യത്തിലാണ് സാധാരണ പ്ലാസ്റ്റിക് കവറിൽ തയ്യാറാക്കിയ തൈകൾ 100 രൂപ മുടക്കി വാങ്ങിയത്. ഇതിലൂടെയാണ് നഗരസഭയ്ക്ക് രണ്ട് ലക്ഷം രൂപ നഷ്ടമായത്. ഗുണഭോക്താക്കളുടെ പേരിൽ അപേക്ഷകളും കൈപ്പറ്റ് രസീതുകളും വ്യാജമായി നിർമിക്കുകയും തൈകൾ വിതരണംചെയ്തതായി കൃത്രിമ രേഖയുണ്ടാക്കുകയും ചെയ്തതായി ഓഡിറ്റ് പരിശോധനയിൽ കണ്ടെത്തി. 15 വീതം തൈകൾ വാങ്ങിയവരുടെ പേരുകൾ ഗുണഭോക്തൃപട്ടികയിലുണ്ടെങ്കിലും ഇവരിൽ പലർക്കും ഒരു തൈപോലും കിട്ടിയിട്ടില്ല.