റാന്നി : മിനി സിവിൽ സ്റ്റേഷന്റെ രണ്ടാം ബ്ലോക്ക് നിർമ്മാണത്തിലെ അപാകത ചൂണ്ടി കാട്ടിയുള്ള പരാതിയിൽ മരാമത്ത് വകുപ്പ് കൺട്രോളിങ്ങ് വിഭാഗം അന്വേഷണം തുടങ്ങി. ഇതിൻ്റെ ഭാഗമായി സിവിൽ സ്റ്റേഷനിലെ വിവിധ ഭാഗങ്ങളിൽ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.
സിവിൽ സ്റ്റേഷന്റെ, ഫേസ് ഒന്ന്, നിർമ്മാണവുമായി ബന്ധപ്പെട്ടു 6.33 കോടി രൂപയാണ് സർക്കാർ വിനിയോഗിച്ചിട്ടുള്ളത്. ഇതിന്റെ നിർമാണത്തിന്റെ ആദ്യഘട്ടത്തിൽതന്നെ ഇതുമായി ബന്ധപ്പെട്ട് ഇവിടേക്ക് വലിയ വാഹനങ്ങൾ പ്രവേശിക്കാൻ വേണ്ട വീതിയിലുള്ള റോഡ് സൗകര്യമില്ല, പാർക്കിംഗ് സൗകര്യങ്ങളില്ല, മറ്റു നിർമ്മാണത്തിലെ ക്രമക്കേടുകൾ തുടങ്ങി നിരവധി പരാതികളാണ് ഉയർന്നുവന്നത്.
നിർമ്മാണം പൂർത്തിയായി ഓഫീസുകൾ ഇവിടെ പ്രവർത്തനം തുടങ്ങുന്നതിനു മുമ്പ് തന്നെ മഴ പെയ്യുന്ന സമയത്തു ബ്ലോക്ക് നമ്പർ 2 കെട്ടിടം ചോർന്നൊലിച്ചു താഴത്തെ നിലയിൽ വെള്ളക്കെട്ട് അനുഭവപ്പെട്ടിരുന്നു. അതിനുശേഷം അധികം വൈകാതെ തന്നെ ഇവിടുത്തെ സെപ്റ്റിക് ടാങ്ക് തകർന്ന് മാസങ്ങളോളം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കി.
പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന്റെ മേൽനോട്ടത്തിൽ നടത്തിയ ഈ നിർമാണത്തിലെ ക്രമക്കേടുകൾ അടക്കം, താലൂക്കിലെ വിവിധ ബിൽഡിംഗ് നിർമ്മാണങ്ങളിലെയും റോഡ് നിർമ്മാണങ്ങളിലെയും ക്രമക്കേടുകൾ, പൊതുപ്രവർത്തകനായ അനിൽ കാറ്റാടിക്കലിന്റെ പരാതിയിൽ 03.08.19ല്‍ ചേര്‍ന്ധ റാന്നി താലൂക്ക് വികസന സമിതി ജുഡീഷ്യൽ അന്വേഷണത്തിന് സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു.
നിർമാണങ്ങളിലെ ക്രമക്കേട് മൂലം ഉണ്ടായിട്ടുള്ള ചോർച്ച പരിഹരിക്കുന്നത് അടക്കമുള്ള പ്രവർത്തികൾ മനപ്പൂർവം വെച്ച് താമസിപ്പിക്കുകയും പിന്നീട് സർക്കാർ ചെലവിൽ ഇവ പരിഹരിക്കാനുള്ള പ്രവർത്തികൾ ചെയ്യുകയുമാണ് മുൻപ് ഉണ്ടായിട്ടുള്ളതന്ന് പറയുന്നു. 2017 നവംബർ മുതൽ ആറു കോടി രൂപയ്ക്ക് നിർമ്മിച്ച ഈ കെട്ടിടത്തിൽ ഇതുവരെ 1.09 കോടി രൂപയാണ് റിപ്പയറിങ്ങിനായി ചെലവഴിച്ചിട്ടുള്ളത്.
2021 ജൂലൈ മാസം ഏഴാം തീയതി വിവരാവകാശ നിയമപ്രകാരം മരാമത്ത് കെട്ടിട വിഭാഗം നൽകിയിട്ടുള്ള മറുപടിയിലാണ് ഇത് വ്യക്തമാക്കിയിട്ടുള്ളത്. ഈ തുകയിൽ ചുരുക്കം ചില സീലിംഗ് വർക്കുകൾ ഒഴികെ മറ്റു പുതിയ പ്രവർത്തികൾ നടത്തിയിട്ടില്ലെന്നും ആരോപണമുണ്ട്.
നിർമ്മാണത്തിന്റെ ആദ്യഘട്ടത്തിലെ തുക മുഴുവനായും കരാറുകാരന് ഇതുവരെ നൽകിയിട്ടില്ലാത്ത സാഹചര്യത്തിൽ പോലും നിർമാണത്തിലെ ക്രമക്കേടുകൾ മൂലം ഉണ്ടായ ഈ റിപ്പയറിങ് വർക്കുകളുടെ തുക കരാറുകാരിൽ നിന്നും ഈടാക്കാൻ അധികൃതർ ശ്രമിച്ചില്ലെന്ന ആക്ഷേപവും ഉയരുന്നു.
ഗുരുതരമായ വീഴ്ച ചൂണ്ടിക്കാട്ടി പത്തനംതിട്ട മരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു വീണ്ടും പരാതി സമർപ്പിച്ചതിലാണ് ഇപ്പോൾ അന്വേഷണം.