കണ്ണൂര്‍: ബിജെപിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് കണ്‍വീനറും സിപിഎം നേതാവുമായ ഇ പി ജയരാജന്‍ ഗള്‍ഫില്‍ വച്ച് ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ‘ഇപിക്കെതിരായ ആരോപണത്തില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍ ചായ കുടിക്കാന്‍ ഇപിയുടെ വീട്ടില്‍ പോകാന്‍ ഇപിയുടെ വീട് ചായപ്പീടികയാണോ? പൂര്‍വകാല ബന്ധമില്ലാതെ ഒരാള്‍ മറ്റൊരാളിന്റെ വീട്ടില്‍ ചായ കുടിക്കാന്‍ പോകുമോ?, ചായപ്പീടികയില്‍ പോയതല്ലല്ലോ, ജയരാജന്‍ ചായപ്പീടിക നടത്തിയിട്ടുണ്ടോ?. അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് പോകുന്നതില്‍ എനിക്ക് എന്താണ് പ്രശ്‌നം. എന്റെ വീട്ടില്‍ നിന്ന് പോകുന്നത് പോലെയാണല്ലോ ചോദ്യം’- സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘കച്ചവടം നടന്നില്ലേ?വലിയ ഒരു സ്ഥാപനം ഷെയര്‍ ചെയ്ത് കൊടുത്തില്ലേ , അത് ചുമ്മാ കൊടുത്തതാണോ, അല്ലല്ലോ, പറയുമ്പോള്‍ വ്യക്തത വേണം. എനിക്ക് അദ്ദേഹത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തണമെന്ന് ആഗ്രഹം ഒന്നുമില്ല. ഞാന്‍ അറിഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്തി എന്നല്ലാതെ ഒന്ന് ആഡ് ചെയ്‌തോ അദ്ദേഹത്തെ ഒന്ന് നാറ്റിക്കാമോ എന്നൊന്നും കരുതിയല്ല പറഞ്ഞത്. അദ്ദേഹത്തിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ അദ്ദേഹം പ്രതികരിക്കാതിരുന്നപ്പോള്‍ ഞാന്‍ പറഞ്ഞു എന്നുമാത്രം. എന്നാല്‍ എനിക്ക് കിട്ടിയ വിവരമൊക്കെ യാഥാര്‍ഥ്യമാണ്. ആ വിവരങ്ങളൊക്കെ സത്യസന്ധമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. നിയമനടപടികളുമായി അദ്ദേഹം മുന്നോട്ടുപോയിക്കൊട്ടെ. ഒരു പ്രശ്‌നവുമില്ല. അദ്ദേഹം തന്നെ പറഞ്ഞല്ലോ കണ്ടു വന്നു എന്നൊക്കെ. അതിന് അപ്പുറത്തല്ലേ നിയമം ഉള്ളൂ. അതിന് കുഴപ്പമില്ല.’- – സുധാകരന്‍ പറഞ്ഞു.
‘മരുന്ന് കഴിക്കാത്തത് കൊണ്ട് ഞാനല്ല കിടക്കുന്നത്. അദ്ദേഹമാണ് സ്ഥിരമായി കിടക്കുന്നത്. ഞാന്‍ എവിടെയും കിടക്കുന്നില്ല. ഇദ്ദേഹം പാര്‍ട്ടി വിട്ടുപോകാന്‍ ശ്രമിച്ചതിന് പിന്നിലെ കാരണം പാര്‍ട്ടിക്കുള്ളിലെ തര്‍ക്കമാണ്. മുഖ്യമന്ത്രിയും ഇദ്ദേഹവും തമ്മിലുള്ള വിരോധമാണ് ഇതിന് കാരണം. പലകാര്യങ്ങളിലും ജയരാജിനെ പരിഗണിക്കുന്നില്ല എന്ന പരാതി അദ്ദേഹത്തിന് ഉണ്ട്. പാര്‍ട്ടിക്കുള്ളിലും അദ്ദേഹം ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഇതില്‍ പരിഹാരം ഉണ്ടായിട്ടില്ല.മായ്ച്ചുകളയാത്ത ഒരു പ്രതികാരം അദ്ദേഹത്തിന്റെ മനസിലുണ്ട്. അതാണ് ഇതിന്റെ അടിസ്ഥാനം.’- സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.