വാഷിങ്ടൺ : അടിയന്തിര വെടിനിർത്തലിന് ലോകരാജ്യങ്ങൾ ഒറ്റക്കെട്ടായി നിന്നിട്ടും യു.എൻ പ്രമേയത്തെ ഒറ്റക്ക് എതിർത്തുതോൽപിച്ച യു.എസ് ഇസ്രായേലിന് വീണ്ടും ആയുധങ്ങൾ നൽകുന്നു. യു.എസ് കോൺഗ്രസിനെ മറികടന്നാണ് ബൈഡൻ ഭരണകൂടം 13,000 റൗണ്ട് ടാങ്ക് വെടിമരുന്നുകൾ നൽകാൻ തീരുമാനമെടുത്തത്. വിദേശരാജ്യങ്ങൾക്ക് ആയുധം നൽകും മുമ്പ് കോൺഗ്രസ് പരിശോധന വേണമെന്ന് യു.എസിൽ നിർബന്ധമാണ്. ഇതിന് സമയമെടുക്കുമെന്നുകണ്ടാണ് ആയുധ കയറ്റുമതി നിയന്ത്രണ നിയമത്തിലെ അടിയന്തിര വകുപ്പ് പ്രയോഗിച്ച് വെള്ളിയാഴ്ച രാത്രി 11 മണിക്ക് വെടിക്കോപ്പുകൾ നൽകുന്നതായി സ്റ്റേറ്റ് വകുപ്പ് കോൺഗ്രസിന് അറിയിപ്പ് നൽകിയത്.
10.6 കോടി ഡോളർ വിലമതിക്കുന്നതാണ് ആയുധ കൈമാറ്റം. ‘‘ഉടൻ കൈമാറേണ്ട അടിയന്തിര സാഹചര്യം നിലനിൽക്കുന്നു’’- എന്നായിരുന്നു സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ പ്രതികരണം. വർഷങ്ങൾക്കിടെ ആദ്യമായാണ് യു.എസ് ഇതേ വകുപ്പ് ഉപയോഗിച്ച് വിദേശ രാജ്യത്തിന് ആയുധങ്ങൾ നൽകുന്നത്. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യക്കെതിരെ സ്വന്തം പാളയത്തിൽത്തന്നെ കടുത്ത വിമർശനം നിലനിൽക്കുന്നതിനാൽ കോൺഗ്രസിൽ അനുകൂല തീരുമാനമുണ്ടാകില്ലെന്നു കണ്ടാണ് ബൈഡന്റെ നീക്കമെന്ന് റിപ്പോർട്ടുണ്ട്.