തെൽ അവിവ്: ശക്തമായ അന്തർദേശീയ സമ്മർദത്തിനിടയിലും ഗാസ്സയ്ക്ക് നേരെയുള്ള ആക്രമണം നിർത്താൻ ഒരുക്കമല്ലെന്ന നിലപാടിലുറച്ച് ഇസ്രായേൽ. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തിന് വേണ്ടിയുള്ള മുറവിളി, ഗാസ്സ യുദ്ധവിരാമ നീക്കങ്ങൾക്ക് തിരിച്ചടിയാകുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി. ഗാസ്സക്ക് ഐക്യദാർഢ്യം നേർന്നുള്ള സന്നദ്ധപ്രവർത്തകരുടെ ആഗോള മാർച്ചിന് ഇന്ന് കെയ്റോയിൽ തുടക്കമാകും. ഹമാസിനെ നശിപ്പിച്ചും ബന്ദികളെ മോചിപ്പിച്ചും മാത്രമേ ഗാസ്സ ആക്രമണം അവസാനിപ്പിക്കൂ എന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു പറഞ്ഞു. ഇരുപത് മാസമായി ഗാസ്സക്ക് നേരെ തുടരുന്ന ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്ന ലോകരാജ്യങ്ങളുടെ ആവശ്യം തള്ളിയാണ് നെതന്യാഹുവിന്‍റെ പ്രതികരണം.
ജറൂസലമിനെ വിഭജിച്ച് സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപവത്കരിക്കണമെന്ന ആഗ്രഹം നടപ്പില്ലെന്നും നെതന്യാഹു പറഞ്ഞു. ഇതോടെ ഗാസ്സയിൽ വെടിനിർത്തൽ ചർച്ച വീണ്ടും വഴിമുട്ടി. സ്വത്രന്ത ഫലസ്തീൻ രാഷ്ട്രവുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളുടെ സമ്മേളനം വിളിച്ചു ചേർക്കാൻ ഫ്രാൻസും മറ്റും നടത്തുന്ന നീക്കങ്ങളെ അമേരിക്ക വിമർശിച്ചു. ഇത്തരം നടപടികൾ ഗാസ്സ വെടിനിർത്തൽ ശ്രമങ്ങൾക്ക് തിരിച്ചടിയാകുമെന്ന് യു.എസ് സ്റ്റേറ്റ് വകുപ്പ് പ്രതികരിച്ചു. ഇസ്രായേലിലെ രണ്ട് തീവ്ര വലതുപക്ഷ മന്ത്രിമാർക്കെതിരെ യുകെ, കനഡ ഉൾപ്പെടെ 5 രാജ്യങ്ങൾ ഉപരോധം പ്രഖ്യാപിച്ചതും ശരിയായില്ലെന്നാണ് അമേരിക്കൻ നിലപാട്. അതേസമയം അമ്പതിലേറെ രാജ്യങ്ങളിൽ നിന്നുള്ള സന്നദ്ധ പ്രവർത്തകർ പ്രഖ്യാപിച്ച ഗാസ്സയിലേക്കുള്ള ഗ്ലോബൽ മാർച്ചിന് ഈജിപ്ത് തലസ്ഥാനമായ കെയ്റോയിൽ ഇന്ന് തുടക്കം കുറിക്കും.