ഗാസ: 434 ദിവസം പിന്നിട്ട ഗാസയിലെ ഇസ്രയേൽ നരനായാട്ടിനും വ്യാപക നശീകരണത്തിനും ഇടയിൽ, പട്ടിണികിടക്കുന്ന ഗാസക്കാർക്ക് ഭക്ഷണവുമായി പോയ സംഘത്തിന് നേരെ ഉണ്ടായ ഡ്രോൺ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. സഹായ വസ്തുക്കളുമായി പോയ ട്രക്കിന് അകമ്പടി സേവിച്ച പലസ്തീൻ സുരക്ഷാ ഗാർഡുകൾക്ക് നേരെയാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. 12 പേർ കൊല്ലപ്പെടുകയും ഡസൻകണക്കിന് പേർക്ക് പരിക്കേറ്റൽക്കുകയും ചെയ്തതായി സംഭവസ്ഥലത്തുനിന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഖാൻ യൂനിസിന് പടിഞ്ഞാറ് ഭാഗത്തേക്ക് പോവുകയായിരുന്ന സഹായ സംഘത്തിന്റെ വാഹനത്തിൽ ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. ഗാസയിൽ കൊടും പട്ടിണിയിലായ മനുഷ്യരെ കൂടുതൽ ദുരിതത്തിലാക്കുന്നതാണ് പുതിയ ആക്രമണം.
ഞായറാഴ്ച രാത്രി റഫയിൽ ഭക്ഷണം വാങ്ങാൻ വരിനിൽക്കുന്നവർക്ക് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 10 പലസ്തീൻകാർ കൊല്ലപ്പെട്ടിരുന്നു. വ്യാഴാഴ്ച പുലർച്ചെ ഗാസ സിറ്റിയിലെ താമസസ്ഥലത്തിന് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കുട്ടികളടക്കം ആറ് പേർ കൊല്ലപ്പെട്ടു. സെൻട്രൽ ഗാസയിലെ നുസൈറാത്ത് അഭയാർത്ഥി ക്യാമ്പിലെ വീടിന് നേരെ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ മരണസംഖ്യ 13 ആയി ഉയർന്നു. ഗാസയിൽ ഇതിനകം കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 44,805 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 106,257 പേർക്ക് പരിക്കേറ്റിട്ടുണ്ട്.