കൊച്ചി : ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഗൂഢാലോചനയില്‍ മുന്‍കൂര്‍ ജാമ്യം തേടി മുന്‍ ഡി.ജി.പി ആര്‍.ബി ശ്രീകുമാര്‍ ഹൈകോടതിയില്‍. കേസില്‍ ഏഴാം പ്രതിയാണ് ഗുജറാത്ത് മുന്‍ ഡി.ജി.പിയായ ആര്‍.ബി ശ്രീകുമാര്‍. ഐ.എസ്.ആര്‍.ഒ ചാരക്കേസിന്‍റെ സമയത്ത് ഐ.ബി ഡെപ്യൂട്ടി ഡയറക്ടറായിരുന്നു ശ്രീകുമാര്‍.
ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണനെ ചാരക്കേസില്‍ കുടുക്കിയതിന് പിന്നിലെ ഗൂഢാലോചന കണ്ടെത്താന്‍ സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ആര്‍.ബി ശ്രീകുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. കേസില്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥരായ സിബി മാത്യൂസിനെയും ആര്‍.ബി ശ്രീകുമാറിനെയും നാലും ഏഴും പ്രതികളാക്കിയാണ് സി.ബി.ഐ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്.
സിബി മാത്യൂസിനും ആര്‍.ബി ശ്രീകുമാറിനും പുറമെ സിറ്റി പോലീസ് കമീഷണറായിരുന്ന വി.ആര്‍ രാജീവന്‍, കെ.കെ ജോഷ്വ അടക്കം കേരളാ പോലീസ്, ഐ.ബി ഉദ്യോഗസ്ഥരടക്കം 18 പേര്‍ കേസില്‍ പ്രതികളാണ്. പ്രതികള്‍ക്കെതിരെ ഗൂഢാലോചനക്കും മര്‍ദനത്തിനും വകുപ്പുകള്‍ ചേര്‍ത്തിട്ടുണ്ട്.