തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റ് ഇന്ന് അവതരിപ്പിക്കും. ആരുമായും മത്സരിക്കാന്‍ പോകുന്ന ബജറ്റല്ല താന്‍ അവതരിപ്പിക്കാന്‍ പോകുന്നത്. കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതി ബജറ്റിന്റെ ഭാഗവുമല്ല. കോണ്‍ഗ്രസ് പറയുന്ന ന്യായ് പദ്ധതിക്ക് പണം എവിടെ നിന്ന് കിട്ടുമെന്ന് വ്യക്തമാക്കാന്‍ തയ്യാറാവണമെന്നും ഐസക്ക് പറഞ്ഞു. കഴിഞ്ഞ നാലര വര്‍ഷത്തെ നേട്ടങ്ങള്‍ അടങ്ങുന്നതാവും ബജറ്റ്. അതേസമയം തന്നെ ഇടത്തരക്കാര്‍ക്കും സാധാരണക്കാര്‍ക്കും ഇഷ്ടപ്പെടുന്ന ബജറ്റാണ് താന്‍ അവതരിപ്പിക്കാന്‍ പോകുന്നതെന്ന് ഐസക്ക് പറഞ്ഞു.
തൊഴില്‍, ഉന്നത വിദ്യാഭ്യാസ രംഗങ്ങളില്‍ കേരളം നേരിടുന്ന പ്രശ്‌നങ്ങളെ ബജറ്റില്‍ നേരിട്ട് അഭിസംബോധന ചെയ്യും. ആനുകൂല്യം കൊടുക്കുന്നതില്‍ ആരുമായും മത്സരിക്കാന്‍ പോകുന്ന ബജറ്റല്ല താന്‍ അവതരിപ്പിക്കുന്നതെന്നും ഐസക്ക് പറഞ്ഞു. അതേസമയം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സമ്പൂര്‍ണ ബജറ്റ് തന്നെയായിരിക്കും പിണറായി സര്‍ക്കാര്‍ അവതരിപ്പിക്കുക. ക്ഷേപെന്‍ഷന്‍ വര്‍ധന, റബറിന്റെയും തേങ്ങയുടെയും നെല്ലിന്റെയും അടക്കം സംഭരണ വില വര്‍ധന, കുട്ടികള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ്, കൃഷി മേഖലയ്ക്കും തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും പ്രവാസികള്‍ക്കും പാക്കേജുകള്‍ തുടങ്ങിയവയാണ് ബജറ്റിലെ പ്രധാന പ്രതീക്ഷ.
അതേസമയം പ്രതിസന്ധികളെ നേരിട്ട കേരളത്തിന്റെ ആഭ്യന്തര വളര്‍ച്ചാ നിരക്കിലുണ്ടായത് 3.04 ശതമാനത്തിന്റെ കുറവ്. രണ്ട് പ്രളയങ്ങളും കൊവിഡ് വ്യാപനവും സര്‍ക്കാരിനെ തളര്‍ത്തിയിരുന്നു. സംസ്ഥാന ആസൂത്രണ ബോര്‍ഡ് തയ്യാറാക്കിയ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 6.49 ശതമാനം വളര്‍ച്ചയുണ്ടായിരുന്നു. 2019-20ല്‍ അത് 3.45 ശതമാനമായിട്ടാണ് ഇടിഞ്ഞത്. ദേശീയ ശരാശരിയേക്കാള്‍ കേരളത്തിന്റെ വളര്‍ച്ച ഉയര്‍ന്നതായിരുന്നു. മൂന്ന് വര്‍ഷമായി തുടരുന്ന സാമ്പത്തിക പ്രതിസന്ധിയാണ് വളര്‍ച്ചാ നിരക്ക് കുറയാന്‍ കാരണമായത്.
മൊത്തം ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിച്ചിട്ടുണ്ട്. 7.90 ലക്ഷം കോടി രൂപയില്‍ നിന്ന് 8.54 ലക്ഷം കോടിയായിട്ടാണ് വര്‍ധന. 8.15 ശതമാനത്തോളം വര്‍ധനവുണ്ടായി. ഈ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ സമ്പദ് വ്യവസ്ഥ 26 ശതമാനം ചുരുങ്ങും. കേരളത്തിന്റെ കടബാധ്യത 2.60 ലക്ഷം കോടിയായി ഉയര്‍ന്നു. ആഭ്യന്തര കടം 1.65 ലക്ഷം കോടിയായി. അതേസമയം ബജറ്റിനെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തി. ജനങ്ങളെ കബളിപ്പിക്കുന്ന വാഗ്ദാന പെരുമഴ മാത്രമായിരിക്കും ബജറ്റില്‍ ഉണ്ടാവുകയെന്ന് മുല്ലപ്പള്ളി പറഞ്ഞു. കൊവിഡ് ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയേക്കാള്‍ വലുതാണ് സര്‍ക്കാര്‍ ഉണ്ടാക്കിയ പൊതുകടം. കേരളത്തിന്റെ കടബാധ്യത അഞ്ച് വര്‍ഷം കൊണ്ട് മൂന്ന് ലക്ഷം കോടിയായെന്നും മുല്ലപ്പള്ളി പറഞ്ഞു.