പാലക്കാട്: സിപിഐ സീറ്റ് തന്നില്ലെങ്കില്‍ മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് വ്യവസായി ഐസക് വര്‍ഗീസ്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സഭയുടെ പിന്തുണ ഉണ്ടെന്നും ഐസക് വര്‍ഗീസ് കത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്. മണ്ണാര്‍ക്കാട്ട് മത്സരിപ്പിച്ചാല്‍ സിപിഎം വോട്ട് അടക്കം ചോരാതെ കിട്ടുമെന്നും വിജയം ഉറപ്പാണെന്നുമാണ് ഐസക് വര്‍ഗ്ഗീസിന്റെ അവകാശവാദം.
കഞ്ചിക്കോട്ടെ വ്യവസായിയായ ഐസക് വര്‍ഗീസിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ശുപാര്‍ശ ചെയ്ത് ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്താണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കത്തയച്ചത്. അഴിമതിക്കെതിരെ നിരന്തരം ശബ്ദമുയര്‍ത്തിയ വ്യക്തിയാണ് ഐസക് വര്‍ഗീസ്. സാധാരണ നിലയില്‍ തുടങ്ങി കോടികളുടെ ബിസിനസ് സാമ്രാജ്യത്തിന് അധിപനായ വ്യക്തിയാണ് ഐസക്. സോളാര്‍ കേസിലും ബാര്‍ കേസിലും മലബാര്‍ സിമന്റ്‌സ് കേസിലും അതിശക്തമായ ഇടപെടലുകള്‍ നടത്തി. ഈ കരുത്തുമായാണ് സിപിഐയുടെ എംഎല്‍എയാകാന്‍ ഐസക് വര്‍ഗീസ് ചരടു വലികള്‍ നടത്തിയത്.
സിപിഎം നേതൃത്വത്തിലുള്ള കേരളാ പ്രവാസി സംഘത്തിന്റെ പാലക്കാട് ജില്ലാ കമ്മറ്റി അംഗമാണ് ഐസക് വര്‍ഗ്ഗീസ്. കോവിഡ് കാലത്തും മറ്റും നിരവധി സാമൂഹിക ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. പ്രവാസികളുടെ കരുത്തിലാണ് തന്റെ ബിസനസ്സ് സംരംഭങ്ങള്‍ ഐസക് വര്‍ഗ്ഗീസ് മുമ്പോട്ട് കൊണ്ടു പോകുന്നത്. സിപിഎം നേതാക്കളുമായും അടുത്ത ബന്ധമുണ്ട്. ഇതാണ് സിപിഎമ്മിനൊപ്പം ചേര്‍ന്ന് നില്‍ക്കാന്‍ കാരണവും. അത്തരത്തിലൊരു ബിസിനസ്സുകാരനാണ് മണ്ണാര്‍ക്കാട് സീറ്റില്‍ സിപിഐയ്ക്കായി മത്സരിക്കാന്‍ ആഗ്രഹിക്കുന്നത്.
പോലീസുകാരന്റെ മകനാണ് ഐസക് വര്‍ഗീസ്. എന്നിട്ടും 20 വയസ്സില്‍ പോലീസിന്റെ ഇടപെടല്‍ കാരണം നാടു വിടേണ്ടി വന്നു. ബോംബെയില്‍ തുടങ്ങിയത് വസ്ത്രക്കച്ചവടമാണ്. ചെറിയ കച്ചവടം നടത്തി വലിയ സ്വപ്‌നങ്ങളുമായി കുവൈറ്റിലെത്തി. കുവൈറ്റില്‍ പടര്‍ന്ന് പന്തലിച്ചു. പിന്നെ കേരളത്തിലേക്ക്. കഞ്ചിക്കോട് വ്യവസായ പാര്‍ക്കില്‍ സ്ഥലം പാട്ടത്തിന് എടുത്ത് കഞ്ചിക്കോട്ട് വസ്ത്ര നിര്‍മ്മാണ ഫാക്ടറി തുടങ്ങി. പിന്നീട് വില്‍പ്പനശാലയും. ഇതും വിജയമായി. ഇതോടെ ഐസക് വര്‍ഗ്ഗീസ് കഞ്ചിക്കോട്ടെ പ്രധാനിയായി.