കവിയൂർ : സംസ്ഥാന ബജറ്റിൽ ടോക്കൺ അഡ്വാൻസ് വെച്ചിട്ട് മൂന്നുകൊല്ലം പിന്നിടുമ്പോഴും കവിയൂർ-നടയ്ക്കൽ പാതയുടെ പുനരുദ്ധാരണ പണിക്കുള്ള തുക അനുവദിക്കുന്ന കാര്യം അനിശ്ചിതമായി നീളുന്നു. ഇതിനാൽ അഞ്ച് കിലോമീറ്ററോളം ദൂരം വരുന്ന പാതയുടെ നവീകരണം എങ്ങുമെത്താതെ പോകുന്നു. കവിയൂർ-ചങ്ങനാശ്ശേരി, മല്ലപ്പള്ളി-തിരുവല്ല പാതകളെ ബന്ധിപ്പിക്കുന്ന ബൈപ്പാസാണിത്. പൊതുമരാമത്തിന്റെ അധീനതയിൽ വരുന്ന വഴി വീതിക്കൂട്ടി ടാറിങ് നടത്തണം. നിരത്തിലെ നിരൊഴുക്ക് തടയാൻ ഓടകൾ നിർമിക്കണം. കെടുംവളവുകൾ നിവർക്കണം.
ഇത്തരം പ്രവൃത്തികൾ നടത്തിയാലേ അപകടകടക്കെണി ഒഴിവാകൂ. ഇവയൊക്കെ മാത്യു ടി. തോമസ് എംഎൽഎയുടെ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്നാണ് ബജറ്റിലിടംപിടിച്ചത്. എന്നാൽ ടോക്കൺ തുകയായ 100 രൂപയിൽ കിടക്കുന്നതല്ലാതെ ഫണ്ട് അനുവദിക്കാനുള്ള നടപടികൾ എങ്ങുമെത്തുന്നില്ല. പുളിയൻകീഴ്, ചാമയ്ക്കൽ, കാവുങ്കൽ, പുന്നിലം, പാണകുളത്തുപടി, മുണ്ടിയപ്പള്ളി സിഎസ്‌ഐ പള്ളി, മുണ്ടയ്‌ക്കമൺ തുടങ്ങിയ ഇടങ്ങളിൽ പതിനൊന്ന് കെടുംവളവുകൾ നിറഞ്ഞ പാതയാണ്. വഴിയിലൂടെ വെള്ളമൊഴുകി റോഡ് പാത്തിപോലെ കിടക്കുന്നു.