ന്യൂഡൽഹി : സ്വാതന്ത്ര്യസമര സേനാനി മന്ദാഗിനി ഹർസയെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിലെ തെറ്റ് ചൂണ്ടിക്കാട്ടി തൃണമൂൽ കോൺഗ്രസ്സ്. സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ വെച്ച് മോദി നടത്തിയ പ്രസംഗത്തിലാണ് തെറ്റ് കടന്നു കൂടിയത്. സ്വാതന്ത്ര്യ സമര സേനാനിയായ മന്ദാഗിനി ഹർസയെ അസമിൽ നിന്നുള്ള എന്നാണ് മോദി പരാമർശിച്ചത്. യഥാർഥത്തിൽ അവർ പശ്ചിമബംഗാൾ സ്വദേശിയാണ്.
ചരിത്രത്തെ കുറിച്ച് പ്രധാനമന്ത്രിക്ക് അൽപജ്ഞാനം മാത്രമാണുള്ളതെന്നും അതിനാൽ തന്നെ മോദി മാപ്പു പറയണമെന്നുമാണ് തൃണമൂൽ കോൺഗ്രസ്സിന്റെ ആവശ്യം. പ്രധാനമന്ത്രിക്ക് ചരിത്രത്തെ കുറിച്ച് പരിമിതമായ അറിവ് മാത്രമാണുള്ളത്. ആകെ ചെയ്യുന്നത് മറ്റുള്ളവർ എഴുതികൊടുക്കുന്ന വാക്കുകൾ നാടകീയമായി വായിക്കുക മാത്രമാണ് പശ്ചിമ ബംഗാൾ തൃണമൂൽ കോൺഗ്രസ്സ് ജനറൽ സെക്രട്ടറി കുണാൽ ഘോഷ് പറഞ്ഞു.
മന്ദാഗിനി ഹസ്ര അസമിൽ നിന്നെന്നോ നിങ്ങൾക്ക് ചരിത്രമെന്തെന്നറിയില്ല, യാതൊരു വിധ വികാരങ്ങളുമില്ല. ഇത് ബംഗാളിനെ അപമാനിക്കലാണ്. നിങ്ങൾ ഖേദം പ്രകടിപ്പിക്കണമെന്ന് കുണാൽ ഘോഷ് ട്വീറ്റ് ചെയ്തു. മന്ദാഗിനി ഹസ്ര എന്ന സ്വാതന്ത്ര്യ സമരസേനാനി ബംഗാൾ സ്വദേശിയാണെന്ന് ഓർമ്മപ്പെടുത്തി പ്രധാനമന്ത്രിയെ ടാഗ് ചെയ്തു കൊണ്ട് തൃണമൂൽ കോൺഗ്രസ്സ് ട്വീറ്റു ചെയ്തിട്ടുണ്ട്. എന്നാൽ വിവാദം അനാവശ്യമാണെന്നും മമതാ ബാനർജിയും ഇത്തരത്തിലുള്ള മണ്ടത്തരങ്ങൾ പറഞ്ഞിട്ടുണ്ടെന്നുമാണ് ബി.ജെ.പി നേതാക്കൾ പറയുന്നത്.