ബംഗളൂരു : ജീവനക്കാർക്ക് മറ്റു കമ്പനികൾക്ക് വേണ്ടിയും പ്രവർത്തിക്കാമെന്ന് വ്യക്തമാക്കി ഐടി ഭീമനായ ഇൻഫോസിസ്. എന്നാൽ ചില നിബന്ധനകളോടെ ആണെന്ന് മാത്രം. എച്ച് ആർ മാനേജരുടെയോ ജനറൽ മാനേജരുടെയോ അനുമതിയോടു കൂടി മാത്രമേ ജീവനക്കാർക്ക് മറ്റു കമ്പനികൾക്ക് വേണ്ടി ജോലി ചെയ്യാൻ അനുവാദം ഉണ്ടാകുകയുള്ളൂ.
മാത്രമല്ല കമ്പനിയുമായോ കമ്പനിയുടെ ക്ലയന്റുകളുമായോ മത്സരിക്കാത്ത അല്ലെങ്കിൽ താൽപ്പര്യ വൈരുദ്ധ്യം ഇല്ലാത്ത കമ്പനികൾക്ക് വേണ്ടി മാത്രമേ ജീവനക്കാർക്ക് പ്രവർത്തിക്കാൻ അനുമതി ഉണ്ടാവുകയുള്ളു. അതേസമയം ഇൻഫോസിസ് ഇപ്പോഴും മൂൺലൈറ്റിംഗിനെ എതിർക്കുന്നു എന്നും വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ ആദ്യത്തെ പ്രധാന സോഫ്റ്റ്‌വെയർ കമ്പനിയായ ഇൻഫോസിസ് എങ്ങനെ ബാഹ്യ ജോലികൾ ചെയ്യാമെന്നതിനെ കുറിച്ച് ജീവനക്കാർക്ക് മെയിൽ അയച്ചിട്ടുണ്ട്.