പന്തളം : റോഡുപണി കാരണം പെരുമ്പുളിക്കൽ നിവാസികൾക്ക് കുടിവെള്ളം കിട്ടാതായിട്ട് ഒന്നര വർഷം. ആനയടി-കൂടൽ റോഡിന്റെ പണി തുടങ്ങിയപ്പോൾമുതലാണ് കീരുകുഴി-കുരമ്പാല റോഡിൽ പൈപ്പുതകർന്ന് കുടിവെള്ളവിതരണം പൂർണമായും നിലച്ചത്. ഇതുവരെ നന്നാക്കിയിട്ടില്ല. പന്തളം തെക്കേക്കര പഞ്ചായത്തിലെ കുടിവെള്ള പദ്ധതിയിൽനിന്നുമാണ് പെരുമ്പുളിക്കൽ ഭാഗത്ത് വെള്ളമെത്തുന്നത്. എൻ.എസ്.എസ്. ഹൈസ്‌കൂൾ കവലവരെയുള്ള ഭാഗത്ത് വെള്ളം എത്തുന്നുണ്ടെങ്കിലും ഇവിടംമുതൽ കുളവള്ളി ഭാഗംവരെയും മൈനാപ്പള്ളി ക്ഷേത്രം, ദേവരുക്ഷേത്രം എന്നീ ഭാഗങ്ങളിലേക്കും വെള്ളം എത്തുന്നില്ല.
2023 സെപ്റ്റംബറിൽ നാട്ടുകാർ ചേർന്ന് ഒപ്പിട്ട പരാതി കളക്ടർക്ക് കൈമാറിയിരുന്നു. പലതവണ ജല അതോറിറ്റിയിലും പരാതി നൽകിട്ടുണ്ട്. റോഡിൽ യന്ത്രങ്ങളുപയോഗിച്ച് നടത്തിയ പണിയും മെറ്റലും കല്ലും ഇട്ട് ഉയർത്തുന്ന ജോലിക്കുമിടെ മണ്ണിനടിയിലൂടെ പോകുന്ന പൈപ്പ് പലയിടത്തും പൊട്ടിയിരുന്നു. ഇതാകാം വെള്ളം പെരുമ്പുളിക്കൽ ഭാഗത്തേക്ക് എത്തുന്നതിന് തടസ്സമാകുന്നത്. പണി നടക്കുന്ന സമയത്ത് കുരമ്പാല കീരുകുഴി റോഡിലെ പൈപ്പ് പത്തോളം സ്ഥലത്താണ് പൊട്ടിയൊഴുകിയിരുന്നത്. ദിവസങ്ങളായി കുടിവെള്ളം റോഡിലൂടെ ഒഴുകി നഷ്ടപ്പെടുകയും ചെയ്തിരുന്നു.