റാന്നി: ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ ചില ജനപ്രതിനിധികളുടെ മാത്രം നേട്ടമാക്കി കാണിക്കാന്‍ ശ്രമമെന്ന് ആരോപണം. സി.പി.ഐ റാന്നി മണ്ഡലം സെക്രട്ടറിയും എല്‍.ഡി.എഫ് നിയോജക മണ്ഡലം കണ്‍വീനറുമായ ജോജോ കോവൂരാണ് ആരോപണം ഉന്നയിച്ചത്. ഇത് മുന്നണിയുടെ പ്രഖ്യാപിത നയങ്ങള്‍ക്ക് എതിരാണ്. എല്ലാവര്‍ക്കും ഭൂമി, എല്ലാവര്‍ക്കും കൈവശ രേഖ എന്ന ഇടതു സര്‍ക്കാരിന്‍റെ പ്രഖ്യാപിത നയത്തിന് ഇത് എതിരാണെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി. റാന്നി താലൂക്കിലെ പട്ടയ പ്രശ്നത്തിന് പരിഹാരം കാണാന്‍ കെ.പി രാജേന്ദ്രന്‍ റവന്യു വകുപ്പ് മന്ത്രി ആയിരിക്കെ സി.പി.ഐ നേതൃത്വത്തിന്‍റെ നിവേദനത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങിയതാണ്. അതിന്‍റെ ഫലമായി ചുവപ്പുനാടയില്‍ കുരുങ്ങികിടന്ന പ്രശ്നത്തിന് പരിഹാരശ്രമം തുടങ്ങിയതാണ്.
പെരുമ്പെട്ടി, വെച്ചൂച്ചിറ വിമുക്തഭട കോളനി, നൂറോക്കാട്, പരുവ, മണ്ണടിശാല, വലിയപതാല്‍ തുടങ്ങിയ സ്ഥലങ്ങളിലെ ചെയിന്‍ സര്‍വ്വേ അവസാനിപ്പിച്ച് ഡിജിറ്റല്‍ സര്‍വ്വേ നടത്താന്‍ മന്ത്രി കെ.രാജന്‍ ഉത്തരവിട്ടു. ചില സ്ഥലങ്ങളില്‍ ഇത് ആരംഭിച്ചിട്ട് ആഴ്ചകള്‍ പിന്നിട്ടു. ചിലര്‍ ഇത് പുതിയ സംഭവം എന്ന നിലയില്‍ ഉദ്ഘാടനം നടത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിക്കുകയാണ്. കേരളത്തില്‍ ഭൂമി ഇല്ലാത്തവര്‍ക്കെല്ലാം ഭൂമി നല്‍കണമെന്നും കൈവശക്കാര്‍ക്ക് പട്ടയം നല്‍കണമെന്നതും സര്‍ക്കാര്‍ നിലപാടാണ്. ഇത് റാന്നിയിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്വാഗതം ചെയ്തതുമാണ്. എന്നാല്‍ ചില ജനപ്രതിനിധികള്‍ മുന്നണി നേതൃത്വവുമായി കൂടിയാലോചന നടത്താതെ ഏകപക്ഷീയമായി പരിപാടികള്‍ സംഘടിപ്പിക്കുകയാണ്. ഇത് ഒരു തരത്തിലും അംഗീകരിക്കാന്‍ ആവില്ലെന്നും ഇത് മുന്നണി മര്യാദയുടെ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെ.ഡിസ്ക് പോലുള്ള സര്‍ക്കാര്‍ ഏജന്‍സികളുടെ നേതൃത്വത്തില്‍ നടത്തുന്ന പരിപാടികള്‍ രാഷ്ട്രീയ പാര്‍ട്ടികളുടേയും ചില ജനപ്രതിനിധികളുടേയും പരിപാടിയായി മാറ്റാനുള്ള ശ്രമം അപലപനീയമാണെന്നും ഇത് എതിര്‍ക്കുമെന്നും ജോജോ കോവൂര്‍ പറഞ്ഞു.