കോന്നി : കോന്നി ഫോറസ്റ്റ് ഡിവിഷൻ പരിധിയിൽ ഞള്ളൂർ ഉത്തര കുമരംപേരൂർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ രാത്രി താത്കാലിക വാച്ചർമാരായി നിയമിക്കപ്പെട്ടവർ വനം വകുപ്പിന്റെ കേസുകളിൽപ്പെട്ടവരാണെന്ന് ആരോപണം ഉയരുന്നു. വന്യ ജീവികളെ വേട്ടയാടിയ സംഭവത്തിൽ വിചാരണ നേരിടുന്ന ആളും വനത്തിൽ നിന്നും തടി മോഷ്ടിച്ച സംഭവത്തിൽ വനം വകുപ്പ് കേസ് എടുത്ത ആളെയുമാണ് ഇവിടെ വനം വകുപ്പ് താത്കാലിക വാച്ചർമാരായി നിയമിച്ചിട്ടുള്ളത്.
ഉത്തര കുമരംപേരൂർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയില്‍ 1957 ൽ പ്ലാന്റ് ചെയ്ത തേക്ക് മരങ്ങള്‍ ക്‌ളീയർ ഫില്ലിംഗ് നടത്തിയതിന് ശേഷം പുതുതായി നട്ടുപിടിപ്പിച്ച തേക്ക് തൈകളുടെ പരിപാലനത്തിനായാണ് ഇവരെ നിയമിച്ചിരിക്കുന്നത്. ഇവർ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ ആയാണ് കടന്നു കൂടിയിരിക്കുന്നത്. എന്നാൽ ഇത്തരക്കാരെ ഈ തസ്തികയിൽ തുടരാൻ അനുവദിക്കുന്നതിനെതിരെ എതിർപ്പുകളും ശക്തമാണ്. വനം വകുപ്പ് കേസുകളിൽപ്പെട്ടവരെത്തന്നെ ഇതേ ഡിപ്പാർട്ട്മെന്റിൽ ജോലിക്ക് നിയമിച്ച സംഭവത്തിൽ ജനങ്ങൾക്കിടയില്‍ ശക്തമായ പ്രതിഷേധവും ഉയരുന്നുണ്ട്.