ന്യൂഡൽഹി : മനുഷ്യാവകാശ സംരക്ഷണം, സ്ത്രീ സുരക്ഷ എന്നിവയില്‍ ഐടി സമിതിയുടെ ഇടപെടല്‍. ഐടി പാര്‍ലമെന്ററി സമിതി ഫേസ്ബുക്ക്, ഗൂഗിള്‍ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തും. അടുത്ത ചൊവ്വാഴ്ച നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ശശി തരൂര്‍ അധ്യക്ഷനായ സമിതി രണ്ട് കമ്പനികള്‍ക്കും നോട്ടിസ് അയച്ചു.
ഐടി മന്ത്രാലയ ഉദ്യോഗസ്ഥരോടും ഹാജരാകാന്‍ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ 7നാണ് ഐടി മന്ത്രാലയ ഉദ്യോഗസ്ഥര്‍ സമിതിക്ക് മുന്നില്‍ ഹാജരാകുക. സ്ത്രീകളുടെ സുരക്ഷയ്ക്ക് ഊന്നല്‍ നല്‍കി പൗരന്മാരുടെ അവകാശങ്ങള്‍ പരിരക്ഷിക്കുന്നതിനും സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യുന്നത് തടയുന്നതും സംബന്ധിച്ചുള്ള നിലപാടുകള്‍ അറിയിക്കാനാണ് വിളിച്ചുവരുത്തുന്നതെന്ന് നോട്ടിസില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയുടെ ഐടി നിയമങ്ങള്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നതായി ഐക്യരാഷ്ട്രസഭ സ്‌പെഷ്യല്‍ റിപ്പോര്‍ട്ടര്‍മാര്‍ വിമര്‍ശനമുന്നയിച്ച പശ്ചാത്തലത്തിലാണ് സമിതിയുടെ ഇടപെടല്‍. കഴിഞ്ഞ ആഴ്ച സമിതി ട്വിറ്റര്‍ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തിയിരുന്നു.