റാന്നി: പ്രകൃതി ദുരന്തം ഉണ്ടാകുന്ന ഭാഗങ്ങളിൽ വില്ലേജ്, പഞ്ചായത്ത് ഉദ്യോഗസ്ഥർ നേരിട്ട് എത്തി വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് റാന്നിയിൽ ചേർന്ന നിയോജകമണ്ഡലതല അവലോകന യോഗത്തിൽ തീരുമാനമായി. മഴ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ കാറ്റിൽ 24 വീടുകളാണ് റാന്നി താലൂക്കിൽ തകർന്നത്. ഇവയിൽ 20 വീടും മരങ്ങൾ വീണാണ് തകർച്ച നേരിട്ടത്. വീടുകൾക്ക് അപകടകരമായ നിൽക്കുന്ന അയൽവാസിയുടെ മരങ്ങൾ മുറിച്ചുമാറ്റുന്നതിന് പഞ്ചായത്ത് മുൻകൈയെടുക്കണമെന്ന് യോഗം നിർദ്ദേശം നൽകി. ഓരോ പഞ്ചായത്തിലും 10 പേർ അടങ്ങുന്ന നാല് ടീമുകളെ അടിയന്തിര രക്ഷാപ്രവർത്തനങ്ങൾക്ക് നിയോഗിച്ചിട്ടുണ്ട് ഈ മാസം 31 വരെ പ്രദേശം മഞ്ഞ അലേർട്ടിലാണ്. രണ്ടു ദിവസം കൂടി ശക്തമായ കാറ്റ് ഉണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ക്യാമ്പുകൾ ആരംഭിക്കുന്നതിനുള്ള സ്ഥലങ്ങൾ നേരത്തെ കണ്ട് വെയ്ക്കണമെന്നും യോഗം നിർദ്ദേശം നൽകിയിട്ടുണ്ട്.
കുരുമ്പൻമൂഴി മേഖലകളിൽ ജലനിരപ്പ് ഉയർന്നപ്പോൾ വനംവകുപ്പിന്റെ ഭാഗത്തു നിന്നുണ്ടായ പ്രവർത്തനങ്ങളെ യോഗം അഭിനന്ദിച്ചു. മൂന്നുദിവസംകൊണ്ട് 25ലധികം കേസുകൾ ഫയർഫോഴ്സും പങ്കെടുത്തിട്ടുണ്ട്. മൃഗങ്ങളുടെ സംരക്ഷണത്തിനായി ആറ് പേർ അടങ്ങുന്ന ആർ ആർ ടി എ താലൂക്കിൽ രൂപീകരിച്ചതായി കൃഷിവകുപ്പ് അറിയിച്ചു. അടുത്ത ദിവസങ്ങൾ ഉണ്ടായ പ്രളയ ദുരന്തത്തിൽ 34 ലക്ഷം രൂപയുടെ കൃഷിനാശം റിപ്പോർട്ട് ചെയ്തിട്ടുള്ളതായും കൃഷിവകുപ്പ് അറിയിച്ചു. കടവുകളിൽ അപകട സൂചന ബോർഡ് സ്ഥാപിക്കുന്നതിന് എംഎൽഎ നിർദ്ദേശം നൽകി വലിയ തോട് ശുചീകരണം എത്രയും വേഗം പൂർത്തീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രവർത്തികൾ ടെൻഡർ ചെയ്തതായും ഒരാഴ്ചകൊണ്ട് പൂർത്തിയാകുമെന്നും മൈനർ ഇറിഗേഷൻ അധികൃതർ അറിയിച്ചു.
മണി മലയാറ്റിൽ ഉണ്ടാകുന്ന വെള്ളപ്പൊക്കം വേഗം അറിയുന്നതിന് കോട്ടയം ജില്ല അധികൃതരുമായി ബന്ധപ്പെടുന്നതിന് മല്ലപ്പള്ളി തഹസിൽദാരെ യോഗം ചുമതലപ്പെടുത്തി. ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി മുടങ്ങിക്കിടക്കുന്നത് വലിയ പരാതികൾക്ക് ഇടയാക്കുന്നുണ്ട്. കൂടുതൽ ആളുകളെ നിയോഗിച്ചു പ്രവർത്തനം ഏകോപിപ്പിക്കാനും എത്രയും വേഗം മുടങ്ങിയ വൈദ്യുതി പുനസ്ഥാപിക്കാനും നടപടി സ്വീകരിക്കണമെന്ന് യോഗം വൈദ്യുതവകുപ്പിനോട് ആവശ്യപ്പെട്ടു. വൈദ്യുത തടസ്സം ഉണ്ടായാൽ കെഎസ്ഇബിയുടെ 1912, 9496010101 നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതർ അറിയിച്ചു. യോഗത്തിൽ പ്രമോദ് നാരായൺ എംഎൽഎ, ഡെപ്യൂട്ടി കളക്ടർ രാജലക്ഷ്മി, ഏസിഎഫ് ജിയാസ് ജമാലുദ്ദീൻ നബ്ബ, പഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു വളയനാട്ട്, റൂബി കോശി, ലത മോഹൻ, സോണിയ മനോജ്, അമ്പിളി പ്രഭാകരൻ നായർ, ഉഷാ ഗോപി, ഉഷ ജേക്കബ്, തഹസിൽദാർമാരായ ഏവീസ് കുറമണ്ണിൽ, ഷാജി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.