മിലാന്‍ : ഇന്ത്യന്‍ യാത്രക്കാരെ ഇറ്റലിയും വിലക്കി. ഇന്ത്യയില്‍ കോവിഡ് വകഭേദം അതിരൂക്ഷമായി വ്യാപിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരെ ഇറ്റലിയും വിലക്കിയത്. ഇതുസംബന്ധിച്ച് ഇറ്റാലിയന്‍ ആരോഗ്യ മന്ത്രി റോബര്‍ട്ട് സ്‌പെറന്‍സ ആണ് ട്വിറ്ററില്‍ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ 14 ദിവസത്തിനിടെ ഇന്ത്യയില്‍ കഴിയുന്ന വിദേശ യാത്രക്കാരെ രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയുള്ള ഉത്തരവില്‍ ഒപ്പിട്ടതായി അദേഹം ട്വീറ്റില്‍ വ്യക്തമാക്കി.
ഇറ്റാലിയന്‍ പൗരന്മാര്‍ക്ക് നെഗറ്റീവ് ടെസ്റ്റ് റിസല്‍ട്ടുമായി മടങ്ങിയെത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. രാജ്യത്ത് തിരിച്ചെത്തിയ ഉടന്‍ ക്വാറന്റീനില്‍ പ്രവേശിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കഴിഞ്ഞ 14 ദിവസത്തിനിടെ ഇന്ത്യയില്‍ നിന്ന് ഇറ്റലിയില്‍ മടങ്ങിയെത്തിയവര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്നും അദേഹം അറിയിച്ചു.