മിലാന്‍: ഇറ്റലിയില്‍ നിയന്ത്രണ വിധേയമാകാതെ കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നു. ഞായറാഴ്ച മാത്രം 368 പേര്‍ വൈറസ് ബാധയേറ്റ് ഇറ്റലിയില്‍ മരണപ്പെട്ടു. ഇതോടെ രാജ്യത്തെ ആകെ മരണനിരക്ക് 1,809 ആയി ഉയര്‍ന്നായി ഇറ്റാലിയന്‍ ആരോഗ്യവകുപ്പ് അറിയിച്ചു.
വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തതും ഇറ്റലിയിലാണ്. 24,747 പേര്‍ക്ക് രാജ്യത്ത് ഇതുവരെ വൈറസ് സ്ഥിരീകരിച്ചു. യൂറോപ്പില്‍ വൈറസിന്റെ ഇപ്പോഴത്തെ പ്രഭവസ്ഥാനമായ ഇറ്റലിയിലെ വടക്കന്‍ ലംബോര്‍ഡി പ്രദേശത്താണ് വൈറസ് കൂടുതല്‍ ബാധിച്ചത്. ഇറ്റലിയില്‍ ആകെയുള്ള മരണനിരക്കില്‍ 67 ശതമാനവും വടക്കന്‍ ലംബോര്‍ഡിയിലാണ്.
വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ റോം, മിലാന്‍ തുടങ്ങി രാജ്യത്തെ പ്രധാന നഗരങ്ങളില്‍ പാര്‍ക്കുകളും കളിസ്ഥലങ്ങളുമെല്ലാം പൂട്ടി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇറാനില്‍ നൂറിലേറെ പേര്‍ മരിച്ചു. വൈറസ് ബാധിതരുടെ എണ്ണം 14,000 പിന്നിട്ടു. ഇറ്റലിക്ക് പുറമേ യൂറോപ്യന്‍ രാജ്യമായ സ്‌പെയിനിലും കൊറോണ പടരുകയാണ്. കഴിഞ്ഞ ദിവസം മാത്രം പുതുതായി 2000 കൊറോണ പോസിറ്റീവ് കേസുകള്‍ സ്‌പെയ്‌നില്‍ റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ ലോകത്താകമാനം കൊറോണ ബാധയില്‍ 6500ലേറെ പേര്‍ മരണപ്പെട്ടു. 156 രാജ്യങ്ങളിലായി 1,69,316 പേര്‍ക്ക് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചു.