പത്തനംതിട്ട : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഉണ്ടായ താല്‍ക്കാലിക തിരിച്ചടികളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരുമെന്ന് എ.ഐ.സി.സി സെക്രട്ടറി ഐവാന്‍ ഡിസൂസ പറഞ്ഞു.
താല്‍ക്കാലിക പരാജയം ഉണ്ടായപ്പോഴൊക്കെ കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ത്യയിലും കേരളത്തിലും തിരിച്ചുവരവു നടത്തിയ ചരിത്രമാണുള്ളതെന്നും അതുകൊണ്ടുതന്നെ ശുഭാപ്തി വിശ്വാസത്തോടെയുള്ള ശക്തമായ പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതാക്കള്‍ നേതൃത്വം നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേര്‍ന്ന ഡി.സി.സി ഭാരവാഹികളുടെ യോഗം രാജീവ് ഭവനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര ഭരണം നടത്തുന്ന ബി.ജെ.പി കര്‍ഷകരുള്‍പ്പെടെയുള്ള ജനസമൂഹത്തെ കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി ചൂഷണം ചെയ്യുകയാണ്. കേരളത്തില്‍ കൊടിയ അഴിമതിയും സ്വജനപക്ഷപാതവും ഭരണത്തിന്റെ മുഖമുദ്രയായിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര-കേരളാ സര്‍ക്കാരുകള്‍ക്കെതരിരെയുള്ള അതിശക്തമായ പോരാട്ടം തുടരുമെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്തുന്നതിനായി കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിബദ്ധതയോടെ കര്‍മ്മരംഗത്തിറങ്ങണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി അംഗം പ്രൊഫ. പി.ജെ കുര്യന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ എ.എ. ഷുക്കൂര്‍, കെ. ശിവദാസന്‍ നായര്‍, മുന്‍ ഡി.സി.സി പ്രസിഡന്റ് പി. മോഹന്‍രാജ്, കെ.പി.സി.സി സെക്രട്ടറിമാരായ സതീഷ് കൊച്ചുപറമ്പില്‍, റിങ്കു ചെറിയാന്‍, എന്‍. ഷൈലാജ്, അനീഷ് വരിക്കണ്ണാമല, എ.ഐ.സി.സി അംഗം മാലേത്ത് സരളാദേവി, എം.ആര്‍ അഭിലാഷ്, ഡി.സി.സി ഭാരവാഹികളായ വെട്ടൂര്‍ ജ്യോതിപ്രസാദ്, കെ.കെ റോയിസണ്‍, റ്റി.കെ സാജു, എ. സുരേഷ് കുമാര്‍, അനില്‍ തോമസ്, സാമുവല്‍ കിഴക്കുപുറം, കാട്ടൂര്‍ അബ്ദുള്‍ സലാം എന്നിവര്‍ പ്രസംഗിച്ചു.