എളുപ്പവും ലളിതവുമാണ് കോവല്‍ കൃഷിയും അതിന്റെ പരിപാലനവും. സ്വാദിഷ്ടമായ കോവക്ക നമുക്ക് എളുപ്പത്തില്‍ കൃഷി ചെയ്തു എടുക്കുവാന്‍ സാധിക്കും. സാധാരണയായി കോവലിന്റെ തണ്ട് മുറിച്ചാണ് നടുന്നത്. നിലം നന്നായി കിളച്ചു കട്ടയും കല്ലും മാറ്റി കോവലിന്റെ തണ്ട് നടാം. അല്ലെങ്കില്‍ കവറില്‍ നട്ടുപിടിപ്പിച്ചു പിന്നീട് കുഴിയിലേക്കു നടാം. നടുമ്പോള്‍ തണ്ടിന്റെ രണ്ടു മുട്ട് മണ്ണിനു മുകളില്‍ നില്‍ക്കാന്‍ ശ്രദ്ധിക്കുക. നല്ല വെയില്‍ ഉള്ള ഭാഗത്താണ് നടുന്നതെങ്കില്‍ ഉണങ്ങിയ കരിയിലകള്‍ മുകളില്‍ വിതറുന്നത് നന്നായിരിക്കും. ആവശ്യത്തിനു മാത്രം നനച്ചു കൊടുക്കുക. അര മീറ്റര്‍ താഴ്ചയുള്ള കുഴികള്‍ എടുക്കുന്നത് നല്ലതാണ്.
അടിവളമായി ഉണങ്ങിയ ചാണകപ്പൊടി, കുറച്ചു എല്ല് പൊടി, വേപ്പിന്‍ പിണ്ണാക്ക് ഇവ വേണമെങ്കില്‍ ഇടാം. വള്ളി പടര്‍ന്നു തുടങ്ങിയാല്‍ പന്തലിട്ടു വള്ളി കയറ്റിവിടാം. മരങ്ങളില്‍ കയറ്റി വിടുന്നത് ഒഴിവാക്കുക. നമുക്ക് കയ്യെത്തി കായകള്‍ പറിക്കാന്‍ പാകത്തില്‍ പന്തല്‍ ഇട്ടു അതില്‍ കയറ്റുന്നതാണ് ഉചിതം. വെര്‍മിവാഷ്, അല്ലെങ്കില്‍ ഗോമൂത്രം പത്തിരട്ടി വെള്ളത്തില്‍ ചേര്‍ത്തു രണ്ടാഴ്ചയില്‍ ഒരിക്കല്‍ തടത്തില്‍ ഒഴിച്ചു കൊടുക്കുന്നത് നല്ലതാണ്. രാസവളം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. തണുത്ത കഞ്ഞി വെള്ളം ഒഴിച്ച് കൊടുക്കുന്നത് നല്ലതാണ്. വേനല്‍ ക്കാലത്ത് ഇടയ്ക്കിടയ്ക്ക് നനയ്ക്കുന്നത് വിളവു വര്‍ധിപ്പിക്കാന്‍ സാധിക്കും. കോവക്ക അധികം മൂക്കുന്നതിനു മുന്‍പേ വിളവെടുക്കാന്‍ ശ്രദ്ധിക്കുക. കോവക്ക ഉപയോഗിച്ചു സ്വദിഷ്ട്ടമായ മെഴുക്കുപുരട്ടി/ഉപ്പേരി, തോരന്‍, തീയല്‍ തുടങ്ങിയവ ഉണ്ടാക്കാം. അവിയല്‍, സാമ്പാര്‍ തുടങ്ങിയ കറികളില്‍ ഇടാനും കോവക്ക നല്ലതാണ്. ആരോഗ്യപ്രദവുമാണ്.