കൊല്ലം : ചടയമംഗലത്ത് ജടായുപ്പാറയിലെ ടൂറിസം പദ്ധതിക്ക് പണം നല്കിയ നിക്ഷേപകരെ സംവിധായകനും പദ്ധതിയുടെ ശില്പിയുമായ രാജീവ് അഞ്ചലിന്റെ നേതൃത്വത്തിലുള്ള കമ്പനി വഞ്ചിച്ചെന്ന് പ്രവാസി നിക്ഷേപകര്‍ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. 130ഓളം പേരില്‍നിന്ന് പണം സ്വീകരിച്ചശേഷം നിക്ഷേപകരുടെ കമ്പനിയായ ജടായു ടൂറിസം പ്രൈവറ്റ് ലിമിറ്റഡിനെ പദ്ധതിയില്‍നിന്ന് പുറത്താക്കിയെന്നും അവര്‍ ആരോപിച്ചു.
30 വര്‍ഷത്തേക്ക് ബി.ഒ.ടി അടിസ്ഥാനത്തില്‍ രാജീവ് അഞ്ചലിന്റെ ഉടമസ്ഥതയിലുള്ള ഗുരു ചന്ദ്രിക ബില്‍ഡേഴ്സ് ആന്‍ഡ് പ്രോപ്പര്‍ട്ടീസ് പ്രൈവറ്റ് ലിമിറ്റഡിന് (ജി.ബി.പി.എല്‍) സര്‍ക്കാര്‍ നല്കിയ ഭൂമിയിലാണ് ജടായുപ്പാറ പദ്ധതി സ്ഥാപിച്ചിരിക്കുന്നത്. പ്രവാസി നിക്ഷേപകരുടെ ജടായു ടൂറിസം പ്രൈവറ്റ് ലമിറ്റഡ് (ജെ.ടി.പി.എല്‍) എന്ന കമ്പനിയുമായാണ് രാജീവ് അഞ്ചലിന്റെ കമ്പനി ഒപ്പുവെച്ചിരുന്നത്.
അഞ്ചുവര്‍ഷം മുമ്പ് യു.എ.ഇയില്‍ എത്തിയ രാജീവ് അഞ്ചലും സംഘവും സര്‍ക്കാര്‍ പദ്ധതിയാണെന്ന് വിശ്വസിപ്പിച്ചാണ് പണം സ്വരൂപിച്ചത്. എല്ലാവര്‍ഷവും 12 ശതമാനം ഡിവിഡന്റായി നല്‍കാമെന്നും വാഗ്ദാനമുണ്ടായിരുന്നു. ഒരുകോടി രൂപ വരെ നിക്ഷേപിച്ചവരുണ്ട്. ഗള്‍ഫ് നാടുകളില്‍നിന്ന് മാത്രം 20 കോടിയിലേറെ പദ്ധതിയില്‍ നിക്ഷേപിച്ചിട്ടുണ്ട്. എന്നാല്‍ പ്രവാസികളില്‍ നിന്ന് സ്വീകരിച്ച തുക മറ്റ് പദ്ധതികളിലേക്ക് മാറ്റി. രാജീവിനും കുടുംബത്തിനും മാത്രം അധികാരമുള്ള അഞ്ച് കമ്പിനികള്‍ രൂപവല്‍ക്കരിച്ച് അതിലേക്കാണ് പണം മാറ്റിയത്. ഇതിന് പിന്നാലെ പ്രവാസി നിക്ഷേപകരുടെ കമ്പിനിയായ ജെ.ടി.പി.എല്ലുമായുള്ള കരാര്‍ റദ്ദാക്കുന്നതായും നിക്ഷേപകര്‍ക്ക് ഒരുവിധ അവകാശവും പദ്ധതിയില്‍ ഇല്ലെന്നും അറിയിക്കുകയായിരുന്നു.
കമ്പിനിയില്‍ നടന്ന 16 കോടിയുടെ അഴിമതി പുറത്താകുമെന്ന ഭയമാണ് പുറത്താക്കലിന് പിന്നിലെന്നും ഇത് നിയമവിരുദ്ധമാണെന്നും നിക്ഷേപകര്‍ ആരോപിച്ചു. 16 കോടിയോളം രൂപ വകമാറ്റി മറ്റ് കമ്പിനിയില്‍ നിക്ഷേപിച്ചു. ഇതിനെതിരെ നിക്ഷേപകര്‍ കോടതിയെ സമീപിക്കുകയും ഇടപാടുകള്‍ നടത്തുന്നത് നിരോധിച്ച് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സഹായം രാജീവിന് ലഭിക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. ഒരുവര്‍ഷം കൊണ്ട് ഏഴുകോടി ചെലവില്‍ പൂര്‍ത്തിയാകും എന്നുപറഞ്ഞ് തുടങ്ങിയ പദ്ധതി അഞ്ചു വര്‍ഷവും 40 കോടിയുമായിട്ടും പൂര്‍ത്തിയായിട്ടില്ല.
ഇത് ചോദ്യം ചെയ്യുന്നവരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം നടക്കുന്നു. പ്രവാസ ജീവിതം കഴിഞ്ഞ് മടങ്ങിവരുമ്പോള്‍ വരുമാനമാര്ഗമാകുമെന്ന് കരുതിയാണ് നിക്ഷേപിച്ചതെന്നും സര്‍ക്കാര്‍ ഇടപെട്ട് നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം നിക്ഷേപ സൗഹാര്‍ദ സംസ്ഥാനമെന്ന കേരളത്തിന്റെ പേരിന് കളങ്കം വീഴുമെന്നും നിക്ഷേപകര്‍ പറഞ്ഞു