പത്തനംതിട്ട : 27-ാം തീയതി തിങ്കളാഴ്ച ഉച്ചക്ക് 2 മണിമുതല്‍ കോഴഞ്ചേരിയില്‍ നിന്നും ഇലന്തൂരിലേക്ക് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആന്‍റോ ആന്‍റണി എം.പി നയിക്കുന്ന ‘ജന ജാഗരന്‍ അഭിയാന്‍ ‘ പദയാത്ര സംഘടിപ്പിക്കുന്നു. കോഴഞ്ചേരി വണ്ടിപ്പേട്ടയില്‍ ഡി.സി.സി പ്രസിഡന്‍റിന്‍റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ പദയാത്രയുടെ ഉദ്ഘാടനം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി നിര്‍വ്വഹിക്കും. കെ.പി.സി.സി, ഡി.സി.സി പോഷക സംഘടനാ നേതാക്കള്‍ പ്രസംഗിക്കും. ഉച്ചക്ക് 2.30 ന് കോഴഞ്ചേരി സി.കേശവന്‍ സ്ക്വയറില്‍ നിന്നും ജാഥാ ക്യാപറ്റന്‍ ആന്‍റോ ആന്‍റണിക്ക് പതാക കൈമാറി കെ.സി വേണുഗോപാല്‍ എം.പി ‘ജന ജാഗരന്‍ അഭിയാന്‍ ‘ പദയാത്ര ഫ്ളാഗ് ഓഫ് ചെയ്യും. തെക്കേമല, തുണ്ടഴം, കാരംവേലി, നെല്ലിക്കാല, പരിയാരം തുടങ്ങിയ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് വൈകിട്ട് 5 മണിക്ക് പദയാത്ര ഇലന്തൂര്‍ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ സമാപിക്കും. സമാപന സമ്മേളനം കെ.പി.സി.സി വൈസ് പ്രസിഡന്‍റ് വി.റ്റി ബല്‍റാം എക്സ്.എം.എല്‍.എ ഉദ്ഘാടനം ചെയ്യുമെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.
തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ജില്ലയില്‍ യു.ഡി.എഫ് ഭരണത്തിലുണ്ടായിരുന്ന സഹകരണ ബാങ്കുകള്‍ ഉദ്യോഗസ്ഥരേയും സി.പി.എം ഗുണ്ടകളേയും ഉപയോഗിച്ച് കള്ളവോട്ട് ചെയ്ത് അട്ടിമറിയിലൂടെ ഭരണം കൈയ്യാളിയ സി.പി.എം നടപടിക്കും, അധികാരങ്ങള്‍ കവര്‍ന്നെടുത്തും പ്ലാന്‍ ഫണ്ട് വെട്ടിക്കുറച്ചും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ചൊല്‍പ്പടിക്ക് നിര്‍ത്തുവാനും നിര്‍ജീവമാക്കുവാനുമുള്ള സര്‍ക്കര്‍ ശ്രമങ്ങള്‍ക്കെതിരായ താക്കീതും കൂടിയായിരിക്കും ജന ജാഗരന്‍ അഭിയാന്‍ പദയാത്രയെന്ന് ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.