പാലാ : വിശപ്പകറ്റാന്‍ ജനകീയ ഭക്ഷണശാലയുമായി പാലാ നഗരസഭ. വിശപ്പ് രഹിത നഗര പദ്ധതിയില്‍ രണ്ടാം ജനകീയഹോട്ടലാണ് നാളെ (വ്യാഴാഴ്ച) നഗരസഭ തുറക്കുന്നത്. രണ്ട് പത്ത് രൂപ നോട്ട് ഉണ്ടെങ്കില്‍ വയര്‍ നിറയെ ചോറുണ്ണാം. അതും രുചിയോടെ വിഭവസമൃദ്ധമായി. നഗരസഭാ ഓഫീസ് കോoപ്ലക്സില്‍ പ്രവര്‍ത്തിച്ചിരുന്ന നഗരസഭാ ക്യാന്‍റീന്‍ ഹോട്ടലായി മാറ്റിക്കൊണ്ടാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കുടുബശ്രീ മുഖാന്തിരമാണ് ഭക്ഷണശാലയുടെ നടത്തിപ്പ്.
കെട്ടിട സൗകര്യം, ഫര്‍ണിച്ചര്‍, വൈദ്യുതി, വെള്ളം, ഇരിപ്പിട സൗകര്യം എന്നിവ നഗരസഭ നല്‍കും. പ്രഭാത ഭക്ഷണം ഉള്‍പ്പെടെ ഇവിടെ ലഭിക്കും. വൈകിട്ട് 6.30 വരെ പ്രവര്‍ത്തിക്കും. ദോശയും ഇഡലിയും അഞ്ച് രൂപയ്ക്ക് നല്‍കും. മാംസ, മത്സ്യവിഭവങ്ങളും വളരെ ചുരുങ്ങിയ നിരക്കില്‍ ലഭിക്കും. ചായയും കാപ്പിയും സ്നാക്സും ഇവിടെ ഉണ്ടാകും.
ജനറല്‍ ആശുപത്രിക്ക് സമീപം വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന പ്രഥമ ജനകീയ ഭക്ഷണശാല നൂറുകണക്കിന് നഗരവാസികളും നഗരത്തിലെത്തുന്നവരും നാളുകളായി പ്രയോജനപ്പെടുത്തി വരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് രണ്ടാം ജനകീയഹോട്ടലിന് തുടക്കമിട്ടിരിക്കുന്നതെന്ന് നഗരസഭാ ചെയര്‍മാന്‍ ആന്റോ പടിഞ്ഞാറേക്കര പറഞ്ഞു. കോവിഡ് അടച്ചിടല്‍ ഘട്ടത്തിലും ജനകീയഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നു. നാളെ രാവിലെ 10.30 ന് ഭക്ഷണശാലയുടെ ഉദ്ഘാടനം നടക്കും.