കോഴിക്കോട് : ജാനകിക്കാട് കൂട്ടബലാത്സംഗത്തിനിരയായ പതിനേഴുകാരിയെ രണ്ട് വര്‍ഷം മുന്‍പ് പീഡിപ്പിച്ച പ്രതികളെ തിരിച്ചറിഞ്ഞു. അറസ്റ്റ് ഇന്നുണ്ടായേയ്ക്കും. പ്ലസ്ടു വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ കാമുകന്‍ പ്രണയം നടിച്ച് കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ ആദ്യം നാലുപേരെയാണ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയെ പ്രണയം നടിച്ച് ജാനകിക്കാട്ടില്‍ കൂട്ടിക്കൊണ്ടുപോയി കാമുകനും സുഹൃത്തുക്കളും ലഹരി കലര്‍ന്ന പാനീയം നല്‍കിയാണ് ബലാല്‍സംഗം ചെയ്തത്. ഈ കേസില്‍ ഇതുവരെ അഞ്ച് പേര്‍ അറസ്റ്റിലായിട്ടുണ്ട്. അതിന് പിന്നാലെയാണ് കൂടുതല്‍ പേര്‍ പീഡിപ്പിച്ചെന്ന വിവരം പുറത്തു വരുന്നത്.
2019 ല്‍ വീടിനടുത്തുള്ള ബന്ധുവീട്ടില്‍ വച്ച് കണ്ടാലറിയാവുന്ന രണ്ട് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് പെരുവണ്ണാമൂഴി പോലീസ് മൂന്നാമതൊരു കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ കൂടുതല്‍ മൊഴി രേഖപ്പെടുത്തുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തലുണ്ടായത്. ഇതോടെ ആകെ കേസുകളുടെ എണ്ണം മൂന്നായി.
പോക്സോ, ദളിതര്‍ക്കെതിരായ അതിക്രമം തടയല്‍, പീഡനം എന്നീ വകുപ്പുകളാണ് മൂന്നാമത്തേ കേസിലും ചുമത്തിയിട്ടുള്ളത്. കടുത്ത മാനസിക സമ്മര്‍ദത്തിലാണ് പെണ്‍കുട്ടിയെന്നും, കൂടുതല്‍ മൊഴി എടുക്കേണ്ടതുണ്ടെന്നും റൂറല്‍ ജില്ല പോലീസ് മേധാവി അറിയിച്ചു. അതേസമയം മറ്റ് രണ്ട് കേസുകളില്‍ അറസ്റ്റിലായ അഞ്ച് പ്രതികളെയും ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വാങ്ങാനായി പോലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.