ന്യൂഡല്‍ഹി : ഝാര്‍ഖണ്ഡില്‍ റെയില്‍വേ ട്രാക്കിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ഡീസല്‍ എഞ്ചിന്‍ പാളം തെറ്റി. ശനിയാഴ്ച പുലര്‍ച്ചെ ധന്‍ബാദ് ഡിവിഷനിലെ ഗര്‍വാ റോഡിനും ബര്‍ക്കാനാ സെക്ഷനും ഇടയിലാണ് അപകടമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. അപകടത്തെ തുടര്‍ന്ന് പ്രദേശത്തെ റെയില്‍ ഗതാഗതം തടസപ്പെട്ടു. റെയില്‍വേ അധികൃതര്‍ സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. ബോംബാക്രമണത്തിനു പിന്നില്‍ കമ്മ്യൂണിസ്റ്റ് ഭീകരര്‍ ആണെന്നാണ് അധികൃതര്‍ ആരോപിക്കുന്നത്.
ബോംബ് സ്‌ഫോടനത്തെ തുടര്‍ന്ന് ഗര്‍വാ റോഡിനും ബര്‍ക്കാനാ സെക്ഷനും ഇടയിലൂടെ കടന്നു പോകുന്ന ഡെഹ്രി ഓണ്‍ സോണ്‍ – ബര്‍വാദിഹ് പാസഞ്ചര്‍ സ്പെഷ്യല്‍ (03364), ബര്‍വാദിഹ്- നേതാജി സുഭാഷ് ചന്ദ്ര ബോസ് ഗോമോ സ്പെഷ്യല്‍ ട്രെയിന്‍ (03362) എന്നിവ യാത്ര അവസാനിപ്പിച്ചു. കൂടാതെ, മറ്റ് ട്രെയിനുകള്‍ വഴി തിരിച്ചു വിട്ടതായി റെയില്‍വേ അറിയിച്ചു. ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്തെ സുരക്ഷ ശക്തമാക്കി. ഇവിടെ കമ്മ്യൂണിസ്റ്റ് ഭീകരരുടെ താവളമുണ്ടെന്ന് പോലീസിന് അറിയിപ്പ് ലഭിച്ചിരുന്നു. ബോംബാക്രമണത്തിനു പിന്നിലുള്ള ഭീകരരെ പിടികൂടാനായി പോലീസ് അന്വേഷണം ആരംഭിച്ചു.