തിരുവനന്തപുരം : മുന്‍ രഞ്ജിതാരം കെ. ജയമോഹന് തമ്പിയുടെ മരണം കൊലപാതകമാണെന്ന് പോലീസ്. സംഭവത്തില്‍ ജയമോഹന് തമ്പിയുടെ മകന് അശ്വിന് അറസ്റ്റിലായി. ജയമോഹന് തമ്പിയെ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് അറിയിച്ചു.
നെറ്റിയിലെ ആഴത്തിലുള്ള മുറിവാണ് തമ്പിയുടെ മരണ കാരണം. സിറ്റൗട്ടിനോട് ചേര്‍ന്ന മുറിയിലാണ് മൂത്തമകന് അശ്വിന് താമസിച്ചു വന്നിരുന്നത്. അച്ഛന് ഇങ്ങനെ കിടന്നുറങ്ങാറുണ്ടെന്നും അതിനാല്‍ സംശയം തോന്നിയില്ലെന്നുമായിരുന്നു അശ്വിന് പോലീസിന് ആദ്യം നല്കിയ മൊഴി. തിരുവനന്തപുരം മണക്കാട് മുക്കോലക്കല്‍ ദേവി ക്ഷേത്രത്തിന് സമീപത്തെ വീട്ടില്‍ തിങ്കളാഴ്ച രാവിലെയാണ് ജയമോഹന് തമ്പിയെ മരിച്ചനിലയില്‍ കണ്ടത്. തമ്പിയുടെ വീടിനു മുകളില്‍ താമസിക്കുന്നവര്‍ ദുര്‍ഗന്ധത്തെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടായിരുന്നു.
1982-84ല്‍ കേരളത്തിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായിരുന്നു. എസ്ബിടി ടീമിനെ നയിച്ചിട്ടുണ്ട്. ഇക്കണോമിക്സില്‍ എംഎ നേടിയ ശേഷമാണ് എസ്ബിടി ഉദ്യോഗസ്ഥനായത്. ഡപ്യൂട്ടി ജനറല്‍ മാനേജരായാണ് ജോലിയില്‍ നിന്നു വിരമിച്ചത്.