നെടുമങ്ങാട് : നിരവധി കഞ്ചാവ് കേസുകളിലെ പ്രതി ഒന്നര കിലോഗ്രാം കഞ്ചാവുമായി എക്‌സൈസ് പിടിയിലായി. തിരുവനന്തപുരം പേരൂർക്കട അടുപ്പുകൂട്ടാൻ പാറ പുതുവൽ പുത്തൻ വീട്ടിൽ ഓട്ടോ ജയൻ എന്ന് വിളിക്കുന്ന ജയൻ (45)ആണ് നെടുമങ്ങാട് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ബി. ആർ. സുരൂപിന്‍റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.
ഓട്ടോ റിക്ഷയിൽ ഒളിപ്പിച്ചു സൂക്ഷിച്ചിരുന്ന ഒന്നര കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. 25 വർഷത്തോളമായി തിരുവനന്തപുരം സിറ്റി, കരകുളം, നെടുമങ്ങാട് എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തി വരുകയായിരുന്നു ജയനെന്ന് എക്സൈസ് പറഞ്ഞു.
ആവശ്യക്കാർക്ക് ഏതു സമയവും എവിടെയും ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് വിദഗ്ദ്ധമായി ഓട്ടോറിക്ഷയിൽ കഞ്ചാവ് എത്തിച്ചു കൊടുക്കുന്നത് കൊണ്ടാണ് ഇയാളെ ഓട്ടോ ജയൻ എന്ന് വിളിക്കുന്നത്. ഇയാളുടെ പേരിൽ നിലവിൽ പത്തിൽ കൂടുതൽ കഞ്ചാവ് കേസുകളുണ്ട്. കഞ്ചാവ് തമിഴ്‌നാട്ടിൽ നിന്ന് കൊണ്ട് വന്നാണ് കച്ചവടം നടത്തുന്നത്.
വിദ്യാർഥികൾക്കും യുവാക്കൾക്കുമാണ് പ്രതി കഞ്ചാവ് എത്തിച്ചു കൊടുത്തിരുന്നത്. വിവിധ വലിപ്പത്തിലുള്ള പൊതികളിലാക്കി 500, 1000, 1500 എന്ന നിരക്കിലാണ് കച്ചവടം നടത്തിയിരുന്നത്. വളരെ നാളുകളായി എക്‌സൈസിന്‍റെ നിരീക്ഷണ ത്തിലായിരുന്നു.
റെയ്‌ഡിൽ പ്രിവന്റീവ് ഓഫീസർമാരായ എസ്.രജി കുമാർ,എ. നാസറുദീൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ എസ്. നജിമുദ്ദീൻ, മുഹമ്മദ് മിലാദ്, എസ്. ഷജീം,എ.അധിൽ, എം.പി ശ്രീകാന്ത്, രജിത ആർ എസ് എന്നിവർ പങ്കെടുത്തു.