തിരുവനന്തപുരം : ജെ.സി.ഡാനിയേൽ പുരസ്കാരം സംവിധായകൻ കെ.പി.കുമാരന്. 2020ലെ പുരസ്കാര ജേതാവും പിന്നണി ഗായകനുമായ പി ജയചന്ദ്രൻ ചെയര്‍മാനായ ജൂറിയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ആഗസ്റ്റ് 3ന് മുഖ്യമന്ത്രി പുരസ്കാരം സമ്മാനിക്കും. “ദ റോക്ക്” എന്ന ലഘുചിത്രത്തിലൂടെ ശ്രദ്ധേയനായ ചലച്ചിത്രസംവിധായകനാണ് കെ പി കുമാരന്‍. 1938 ല്‍ തലശ്ശേരിയില്‍ ജനിച്ച അദ്ദേഹം സ്വയംവരം എന്ന സിനിമയുടെ സഹതിരക്കഥാ രചയിതാവാണ്. അതിഥി, തോറ്റം, രുക്മിണി , നേരം പുലരുമ്പോള്‍, ആദിപാപം, കാട്ടിലെപാട്ട്, തേന്‍തുള്ളി, ആകാശഗോപുരം തുടങ്ങിയവയാണ് സംവിധാനം ചെയ്ത പ്രധാന ചിത്രങ്ങള്‍. നാഷണല്‍ ഫിലിം അവാര്‍ഡ്, സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
മലയാളചലച്ചിത്ര മേഖലക്ക് സമഗ്ര സംഭാവനകൾ നൽകിയ വ്യക്തികൾക്കായി കേരള സർക്കാരിനു കീഴിലുള്ള കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി നൽകുന്ന പുരസ്കാരമാണ് ജെ.സി. ഡാനിയേൽ അവാർഡ്. സാംസ്കാരിക വകുപ്പ് പ്രത്യേകം നിയമിക്കുന്ന ജൂറിയാണ് എല്ലാ വർഷവും പുരസ്കാര ജേതാവിനെ തിരഞ്ഞെടുക്കുന്നത്. 2003 – ൽ സമ്മാനത്തുക രണ്ടിരട്ടിയായി വർധിപ്പിച്ചുവെങ്കിലും ആ വർഷം പുരസ്കാരം പ്രഖ്യാപിക്കുകയുണ്ടായില്ല. സമ്മാനത്തുക വർധിപ്പിച്ചതിനു ശേഷം ആദ്യമായി പുരസ്കാരം ലഭിച്ചത് 2004 – ൽ ചലച്ചിത്ര നടൻ മധുവിനാണ്. 2005 – ൽ പുരസ്കാരം ലഭിച്ച ആറന്മുള പൊന്നമ്മയും, 2018-ൽ പുരസ്കാരം ലഭിച്ച ഷീലയും ആണ് ജെ.സി. ഡാനിയേൽ പുരസ്കാരം ലഭിച്ച വനിതകൾ.