തിരുവനന്തപുരം: കാട്ടാക്കട കാഞ്ഞിരവിളയില്‍ സ്വന്തം സ്ഥലത്തുനിന്ന് മണ്ണെടുപ്പ് തടഞ്ഞ യുവാവിനെ ജെസിബി യന്ത്രം കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപത്രികളെ പോലീസ് അറസ്റ്റ് ചെയ്തു . സംഭവത്തിനു ശേഷം ഒളിവിലായിരുന്ന ഉത്തമനും സജുവുമാണ് പോലീസിന്റെ പിടിയിലായത്. നെയ്യാറ്റിന്‍കരയില്‍ നിന്നാണ് ഇരുവരേയും അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു .
വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. സംഗീതിന്റെ പുരയിടത്തില്‍ നിന്നും മണ്ണെടുക്കാന്‍ വ്യാഴാഴ്ച രാത്രിയോടെയാണ് ചാരുപാറ സ്വദേശി സജുവിന്റെ നേതൃത്വത്തിലെ സംഘം ജെസിബിയുമായി എത്തിയത്. അനുമതിയില്ലാതെ മണ്ണ് എടുക്കുന്നത് തടഞ്ഞതിനെ തുടര്‍ന്ന് സംഗീതും മാഫിയ സംഘവും തമ്മില്‍ തര്‍ക്കമുണ്ടായി . ഇതിനിടെ ജെസിബിയുടെ ബക്കറ്റ് ഭാഗം കൊണ്ട് സംഗീതിനെ പ്രതികള്‍ അടിച്ചു വീഴ്ത്തുകയായിരുന്നു . ഗുരുതരമായി പരുക്കേറ്റ സംഗീതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വനം വകുപ്പ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞാണ് അക്രമിസംഘം മണ്ണെടുപ്പിനെത്തിയത്.