ന്യൂഡല്‍ഹി : നീറ്റ്, ജി.എസ്.ടി. വിഷയങ്ങളില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാത്തത് കെ.പി.സി.സിയുടെ എതിര്‍പ്പു മൂലം. പിണറായിയെ വിളിക്കുന്നതിലുള്ള വിയോജിപ്പ് അറിയിച്ചിരുന്നുവെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.
ഇന്നലെയാണ് സോണിയ ഗാന്ധി വിളിച്ചു ചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളിലെ മുഖ്യമന്ത്രിമാരുടെ യോഗം നടന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയനും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമാണ് യോഗത്തില്‍ പങ്കെടുക്കാതിരുന്നത്. കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എതിര്‍പ്പു കൂടി പരിഗണിച്ചാണ് പിണറായി വിജയനെ യോഗത്തിലേയ്ക്ക് ക്ഷണിക്കാതിരുന്നത് എന്നാണ് വിവരം. പിണറായിയെ യോഗത്തിലേയ്ക്ക് വിളിക്കുന്നതിനോടുള്ള വിയോജിപ്പ് മുല്ലപ്പള്ളി രാമചന്ദ്രനും ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു.
പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ യോഗവുമായി ബന്ധപ്പെട്ട് സി.പി.എമ്മിന്റെ കേന്ദ്ര നേതൃത്വവും ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു എന്നാണ് സൂചന. പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുമ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷ അതില്‍ അധ്യക്ഷത വഹിക്കുന്നത് ശരിയല്ലെന്ന എന്ന അഭിപ്രായം സി.പി.എമ്മിന്റെ കേന്ദ്ര നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായി.
യോഗത്തിലെ രാഷ്ട്രീയവ്യത്യാസം ഒഴിവാക്കുന്നതിനായി ഏതെങ്കിലും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വേണം യോഗം ചേരാമെന്ന നിര്‍ദേശവും മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ ഇത്തരത്തിലൊരു നിര്‍ദേശം അംഗീകരിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തയ്യാറായില്ല.
കേരള ധനമന്ത്രി തോമസ് ഐസക്ക് ജി.എസ്.ടിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ ഒരു യോഗം വിളിച്ചു ചേര്‍ത്തിരുന്നു. കേരളത്തില്‍നിന്നുള്ള എം.പിമാരെയും ഈ യോഗത്തിലേക്ക് വിളിച്ചിരുന്നു. എന്നാല്‍ വയനാട്ടില്‍നിന്നുള്ള എം.പി. രാഹുല്‍ ഗാന്ധി ഈ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.
വയനാട്ടില്‍നിന്നുള്ള പ്രതിനിധി എന്ന നിലയില്‍ പങ്കെടുക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും യോഗത്തില്‍ പങ്കെടുത്തില്ല. കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിന്റെ എതിര്‍പ്പ് പരിഗണിച്ചാണ് രാഹുല്‍ യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്നാണ് സി.പി.എം. വിലയിരുത്തുന്നത്. പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചുചേര്‍ത്തതിലൂടെ, കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വീണ്ടും ഒരു പ്രതിപക്ഷ ഐക്യം രൂപപ്പെടുന്നു എന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടിരുന്നു. യോഗത്തില്‍നിന്ന് പിണറായി വിജയനെ മാറ്റി നിര്‍ത്തിയത് ഏറെ ചര്‍ച്ചയാവുകയും ചെയ്തു.