ഇന്ത്യയിലെ ഫുൾ – സൈസ് എസ്‌യുവി സെഗ്മെന്റിലെ മുടിചൂടാ മന്നൻ ടൊയോട്ട ഫോർച്യൂണറിനെ വീഴ്ത്താൻ പല കമ്പനികളും തുറുപ്പുചീട്ടുകളുമായി എത്തിയെങ്കിലും ജാപ്പനീസ് ബ്രാൻഡിന്റെ തട്ട്താണ് തന്നെയിരിക്കുകയാണ്. നിലവിൽ ഫോർച്യൂണറിന്റെ പ്രധാന എതിരാളിയായി നിലകൊള്ളുന്നത് ജീപ്പ് മെറിഡിയനാണ്. മോശമാക്കാത്ത വിൽപ്പന പിടിച്ച് അമേരിക്കൻ വണ്ടി ശക്തി കാണിക്കുന്നുമുണ്ട്. ഇതിനായി അടിക്കടി മോഡൽ നിരയിലേക്ക് പലപല പരിഷ്ക്കാരങ്ങളാണ് ബ്രാൻഡ് പരിചയപ്പെടുത്തുന്നത്. ഇതിന്റെ ഭാഗമായി അടുത്തിടെ 2023 കോമ്പസ് 4X2 എസ്‌യുവി ലോഞ്ചിന്റെ ഭാഗമായി ജീപ്പ് ഇന്ത്യ അടുത്തിടെ മെറിഡിയൻ എസ്‌യുവിയുടെ ഓവർലാൻഡ് എഡിഷനെയും ആഭ്യന്തര വിപണിയിൽ അവതരിപ്പിച്ചു. പ്രീമിയം എസ്‌യുവിയുടെ വിൽപ്പന വർധിപ്പിക്കാനുള്ള എല്ലാ പൊടികൈകളുമായാണ് ഈ സ്പെഷ്യൽ വേരിയന്റിനെ അവതരിപ്പിച്ചിരിക്കുന്നത്.
മെറിഡിയൻ ഓവർലാൻഡ് എഡിഷൻ അപ്‌ലാൻഡ്, X മോഡൽ ലൈനപ്പിലേക്കാണ് പുത്തൻ പതിപ്പും എത്തുന്നത്. അങ്ങനെ മെറിഡിയൻ എസ്‌യുവിയുടെ മൂന്നാമത്തെ സ്പെഷ്യൽ എഡിഷനായി ഓവർലാൻഡ് എഡിഷൻ നിലകൊള്ളുന്നു. 4×4 കോൺഫിഗറേഷനിലാണ് വാഹനം വാങ്ങാനാവുന്നത്. എക്സ്റ്റീരിയറിലും ഇൻ്റീരിയറിലും ചെറിയ ചില മാറ്റങ്ങളുമായാണ് ഈ വേരിയന്റിന്റെ വരവ്. പുറത്ത് പ്രത്യേക പതിപ്പിന് ക്രോം സറൗണ്ടുകളുള്ള സിഗ്നേച്ചർ സെവൻ-ബോക്സ് ഫ്രണ്ട് ഗ്രില്ലാണ് ലഭിക്കുന്നത്. കൂടാതെ ഡോർ ലോവറുകൾ ബോഡി കളറിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. 18 ഇഞ്ച് അലോയ് വീലുകൾക്ക് പുതിയ ഡിസൈനും ജീപ്പ് അവതരിപ്പിക്കുന്നു. ഇക്കാര്യങ്ങൾ മാറ്റിനിർത്തിയാൽ മറ്റ് ഘടകങ്ങളെല്ലാം ജീപ്പ് മെറിഡിയന്റെ സ്റ്റാൻഡേർഡ് പതിപ്പുകൾക്ക് സമാനമാണ്. ഇനി അകത്തേക്ക് കയറിയാൽ പുതിയ ഇന്റീരിയർ തീം ആണ് മെറിഡിയൻ ഓവർലാൻഡിന്റെ ഹൈലൈറ്റ്. എന്നാൽ ഇന്റീരിയർ ഡിസൈൻ സ്റ്റാൻഡേർഡ് മെറിഡിയന് സമാനമാണ്. ഡാർക്ക് ബ്രൌൺ നിറമാണ് അകത്തളത്തിന് സമ്മാനിച്ചിരിക്കുന്നത്.
കൂടാതെ ഡാഷ്‌ബോർഡും സെൻട്രൽ കൺസോളും കോപ്പർ ആക്‌സന്റുകളാൽ കൂടുതൽ പ്രീമീയംനെസും സമ്മാനിക്കുന്നുണ്ട്. ഡാഷ്‌ബോർഡിന്റെ മുകൾ പകുതിയിലും സീറ്റുകളിലും പ്രീമിയം ലുക്ക് സ്വീഡ് ഫിനിഷുമുണ്ട്. മുൻസീറ്റുകളിലെ ‘ഓവർലാൻഡ്’ എഴുതിച്ചേർക്കലും കൂടുതൽ ആഡംബരം നൽകുന്നുണ്ട്. ഫീച്ചറുകളിലേക്ക് വന്നാൽ അധികമായി 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ലോക്കിംഗ് ഡിഫറൻഷ്യൽ, ലോ റേഞ്ച് എന്നിവയുള്ള ഫോർ വീൽ ഡ്രൈവ് ഉൾപ്പെടെ ടോപ്പ്-എൻഡ് വേരിയന്റിൽ നിന്നുള്ള എല്ലാ സവിശേഷതകളും സൌകര്യങ്ങളും മെറിഡിയന്റെ ഓവർലാൻഡ് സ്പെഷ്യൽ എഡിഷന് സമ്മാനിച്ചിട്ടുണ്ട്. മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് വന്നാലും പരിഷ്ക്കാരങ്ങളൊന്നുമില്ല.