തൃശൂര്‍ : ഭാര്യയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെ ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു. തൃശൂര്‍ കോടശേരി സ്വദേശിനിയായ ജീതു (32) വിനെ കൊന്ന കേസിലാണ് ഇരിങ്ങാലക്കുട കോടതി ഭര്‍ത്താവ് ബിരാജുവിനെ ശിക്ഷിച്ചത്. 2018 ഏപ്രില്‍ 29നായിരുന്നു കേസിനാസ്പദമായ സംഭവം. തൃശൂര്‍ കോടശേരി സ്വദേശിനിയായ ജീതുവിനെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. ഇരുവരും വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.
ഏഴുവര്‍ഷം നീണ്ട ദാമ്പത്യത്തില്‍ മക്കള്‍ ഇല്ലായിരുന്നു. കുടുംബശ്രീയുടെ യോഗത്തില്‍ പങ്കെടുക്കാന്‍ വരുന്ന വഴിയായിരുന്നു ജീതു ആക്രമിക്കപ്പെട്ടത്. നടുറോഡിലിട്ടാണ് പെട്രോള്‍ ഒഴിച്ച് ഭര്‍ത്താവ് തീക്കൊളുത്തിയത്. ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് നീതു മരിക്കുന്നത്. അതേസമയം ചികില്‍സയില്‍ കഴിയവേ രേഖപ്പെടുത്തിയ മരണമൊഴി കേസില്‍ നിര്‍ണായകമായി. സംഭവത്തിനു ശേഷം മുബൈയിലേയ്ക്കു കടന്ന ഭര്‍ത്താവിനെ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ജാമ്യത്തിന് സുപ്രീംകോടതിയെവരെ സമീപിച്ചെങ്കിലും കിട്ടിയില്ല.
ഇന്‍സ്പെക്ടര്‍ എസ്.പി സുധീരനായിരുന്നു കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. ജീവപര്യന്തം കഠിന തടവിനും രണ്ടു ലക്ഷം രൂപ പിഴയടയ്ക്കാനും ഇരിങ്ങാലക്കുട അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.എസ് രാജീവ് വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ നാലു വര്‍ഷം കൂടി അധിക തടവ് ശിക്ഷ അനുഭവിക്കണം. പിഴത്തുക ജീതുവിന്റെ പിതാവിന് നല്‍കണം. ഇതിനു പുറുമെ, അഞ്ചു ലക്ഷം രൂപ ലീഗല്‍ സര്‍വീസ് സൊസൈറ്റിയോട് ജീതുവിന്റെ കുടുംബത്തിനു നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു.