Sunday, April 20, 2025 9:52 pm

ജെസ്ന എവിടെയുണ്ടെന്നു വ്യക്തമായ സൂചന കിട്ടിയിട്ടുണ്ട്, ഇപ്പോള്‍ വെളിപ്പെടുത്താന്‍ പറ്റില്ല ; പത്തനംതിട്ട മുന്‍ എസ്.പി കെ.ജി സൈമണിന്റെ വാക്കുകള്‍ അര്‍ഥം തേടുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ജെസ്നയെ കാണാതായ കാലത്തിനിടയില്‍ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച്‌ ജെസ്നയുടെ അച്ഛന്‍ ജെയിംസ് ജോസഫ്. ഒരു വ്യക്തിക്ക് അപകടം സംഭവിച്ച ശേഷം ജീവന്‍ രക്ഷിച്ചെടുക്കാനാകുന്ന വിലപ്പെട്ട മിനിറ്റുകളെക്കുറിച്ചു നമ്മള്‍ പറയാറില്ലേ. ‘അഞ്ചു മിനിറ്റു മുമ്പ് ആശുപത്രിയിലെത്തിച്ചിരുന്നെങ്കില്‍ രക്ഷിക്കാമായിരുന്നു’. ഒരു മണിക്കൂറോളം അവഗണിക്കപ്പെട്ടു കിടന്നതു കൊണ്ടാണ് ആ ജീവന്‍ പൊലിഞ്ഞു പോയത് ‘ എന്നൊക്കെ. അതുപോലെ ഈ കേസിലുമുണ്ട് നഷ്ടപ്പെട്ട ആ വിലപ്പെട്ട മണിക്കൂറുകള്‍.

ജെസ്നയെ കാണാതായ കാര്യത്തിലും അതാണ് സംഭവിച്ചത്. ”കൊച്ചിനെ കാണാനില്ലെന്നു മനസ്സിലാകുന്നത് വൈകുന്നേരത്തോടെയാണ്. കാലത്തു ഞങ്ങളൊരുമിച്ചു പാചകം ചെയ്തു ഭക്ഷണം കഴിച്ച ശേഷം ഞാന്‍ ഓഫിസിലേക്കു പോന്നു. മകന്‍ വൈകുന്നേരം വീട്ടിലെത്തിയപ്പോള്‍ ജെസ്ന അവിടെയില്ല. അയല്‍ വീട്ടിലുള്ളവരാണ് ജെസ്ന രാവിലെ ഒന്‍പതു മണിയോടു കൂടി ഓട്ടോയില്‍ കയറി പോകുന്നതു കണ്ടുവെന്നു പറയുന്നത്. അന്നു രാത്രി മുഴുവന്‍ ബന്ധു വീടുകളിലും പോകാന്‍ സാധ്യതയുള്ള ഇടങ്ങളിലൊക്കെ അന്വേഷിച്ചു. അന്നു തന്നെ പോലീസ് സ്റ്റേഷനില്‍ അറിയിച്ചു. ‘ആരുടെയെങ്കിലും കൂടെ ഒളിച്ചോടിയതാകും. രണ്ടു ദിവസം കഴിയുമ്പോള്‍ ഇങ്ങു വന്നോളും. അല്ലെങ്കില്‍ ഏതെങ്കിലും ധ്യാന കേന്ദ്രത്തില്‍ പോയതാകും.’ എന്നിങ്ങനെ ലാഘവത്തോടെയുള്ള മറുപടിയായിരുന്നു അവിടെനിന്നു കിട്ടിയത്.

പോലീസ് ഊര്‍ജിതമായി അന്വേഷണം ആരംഭിച്ചിരുന്നെങ്കില്‍ അവള്‍ യാത്ര ചെയ്ത ഇടങ്ങളിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും എന്തെങ്കിലും സൂചന ലഭിക്കുമായിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞു പോലീസ് ചിത്രങ്ങള്‍ ശേഖരിക്കാന്‍ ചെന്നപ്പോഴേയ്ക്കും അതെല്ലാം മാഞ്ഞു പോയിരുന്നു.

ജെസ്നയെ കാണാതാകുന്നതിനു എട്ടു മാസം മുമ്പാണ് അവളുടെ മമ്മി ന്യൂമോണിയ ബാധിച്ചു മരിക്കുന്നത്. അതിനു ശേഷം അമ്മയുടെയും അച്ഛന്റെയും കരുതല്‍ ഞാന്‍ മൂന്നു മക്കള്‍ക്കും നല്‍കിയിരുന്നു. പോലീസ് കരുതുന്ന തരത്തിലുള്ള ബന്ധം ജെസ്നയ്ക്കു ആരുമായും ഇല്ലെന്നു ഞാനും അവളുടെ സഹോദരങ്ങളും ആവര്‍ത്തിച്ചു പറഞ്ഞിട്ടും അവര്‍ വിശ്വസിച്ചില്ല.

കൊച്ച്‌ ഉപയോഗിച്ചിരുന്ന ഫോണ്‍ കണ്ടെത്തി കോള്‍ ലിസ്റ്റുകള്‍ പരിശോധിച്ചു ചോദ്യം ചെയ്തു വരുമ്പോഴാണ് സ്ഥലത്തെ രാഷ്ട്രീയ നേതാവ് അടക്കമുള്ള ചിലര്‍ എന്നെയും മകനെയും കുറിച്ച്  അനാവശ്യം പറഞ്ഞുണ്ടാക്കുന്നത്. ഞങ്ങള്‍ അവളെ നശിപ്പിച്ചു, കൊന്നു കുഴിച്ചു മൂടി, ഒളിപ്പിച്ചു വച്ചിരിക്കുന്നു…എന്നൊക്കെ. പോലീസ് ആ ഊഹാപോഹങ്ങള്‍ക്കു പിന്നാലെ പോയി. അന്നു മുതല്‍ ഞാനും എന്റെ മക്കളും പറയുന്നതാണ്. ഏതു തരത്തിലുള്ള അന്വേഷണങ്ങള്‍ക്കും ഞങ്ങള്‍ തയാറാണ്. അതൊന്നും കേള്‍ക്കാന്‍ ആരും ശ്രമിക്കുന്നില്ല. ഇപ്പോഴും ഞങ്ങള്‍ക്കെതിരെ ആരോപണമുയരാറുണ്ട്. ഞാനൊരിക്കലും പതറിയിട്ടില്ല.

ആരോപണങ്ങള്‍ക്കൊന്നും മറുപടി പറയാന്‍ പോയിട്ടുമില്ല. ഞാനിവിടെ തന്നെ ജനിച്ചു ജീവിച്ച ആളാണ്. ഇവിടെയുള്ളവര്‍ക്കു എന്നെ അറിയാം. വീട്ടുകാരറിയാതെ ഒന്നും സംഭവിക്കില്ലെന്നു ചിന്തിക്കുന്നവരാണ് സമൂഹം. പക്ഷേ എല്ലായിടത്തും അതു ശരിയാകണമെന്നില്ല. മകളെ കാണാതായതിനൊപ്പം ഇരട്ടി വേദന പോലെയാണ് ഈ ആരോപണങ്ങള്‍. പത്തനംതിട്ട എസ് പി കെ.ജി സൈമണ്‍ റിട്ടയര്‍ ചെയ്യുന്നതിനു മുമ്പ്  മാധ്യമങ്ങളോടു പറഞ്ഞു ‘ജെസ്ന എവിടെയുണ്ടെന്നു വ്യക്തമായ സൂചന കിട്ടിയിട്ടുണ്ട്. ഇപ്പോള്‍ വെളിപ്പെടുത്താന്‍ പറ്റില്ല.”എന്ന്. പക്ഷേ ഞങ്ങളോടാരും അതിനെക്കുറിച്ചു സംസാരിച്ചിട്ടില്ല. പോലീസെന്താണ് ഉദ്ദേശിക്കുന്നതെന്നു നമുക്കും അറിയില്ല. ജെസ്നയെ തീവ്രവാദ സംഘം കടത്തിക്കൊണ്ടു പോയിരിക്കുകയാണെന്നൊക്കെ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ കണ്ടിരുന്നു. പിന്നെ അതിനെക്കുറിച്ചും ഒന്നും പറഞ്ഞു കേട്ടില്ല.

സൈമണ്‍ സാറുമായി നല്ല ബന്ധത്തിലാണ്. ‘നിങ്ങള്‍ ഒരു ആരോപണങ്ങള്‍ക്കും ചെവി കൊടുക്കേണ്ട. അവരവരുടെ കാര്യങ്ങളുമായി മുന്നോട്ടു പോകുക.” എന്നായിരുന്നു ഞങ്ങള്‍ക്കു കിട്ടിയ നിര്‍ദേശം. മകന്‍ ജെയ്സ് പഠന സംബന്ധമായി കാനഡയ്ക്കു പോയപ്പോള്‍ മൂത്ത മകള്‍ ജെഫിയോടു പ്രത്യേകം പറഞ്ഞേല്പിച്ചു.’പപ്പയെ തനിച്ചാക്കരുത്.’ അതുകൊണ്ടു മകളും മരുമകന്‍ ലിയോയും എല്ലാ ദിവസവും വൈകുന്നേരം ഇവിടേക്ക് വരും.

ജെസ്നയെ കണ്ടു, ബോഡി കിട്ടി എന്നിങ്ങനെ ഓരോ ആളുകള്‍ വിളിച്ചു പറയുന്നതനുസരിച്ചു കേരളത്തിനകത്തും പുറത്തും ഞങ്ങളോടിയതിനു കണക്കില്ല. ആദ്യ മാസങ്ങളിലൊക്കെ രണ്ടും മൂന്നും വണ്ടികള്‍ ഓരോയിടത്തേക്കായി നിര്‍ത്താതെ ഓടിക്കൊണ്ടിരിക്കുകയായിരുന്നു. ആ സമയങ്ങളിലെ ചങ്കിടിപ്പ്! ഓര്‍ക്കാനേ വയ്യ. ജെസ്നയെ ബെംഗളൂരുവില്‍ കണ്ടു എന്നു പറഞ്ഞു ഒരിക്കല്‍ വാര്‍ത്ത വന്നു. പക്ഷേ അവിടെയെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ അങ്ങനെയൊരാളില്ല. ഒരിക്കല്‍ കുടുംബവീടിനടുത്തുള്ള പള്ളിയില്‍ പോയപ്പോള്‍ ജെസ്നയുടേതു പോലയുള്ള ഒരു കുട്ടി എനിക്കു മുന്നില്‍ വന്നിരുന്നു. ഞാനാകെ സ്തംഭിച്ചു പോയി.

ആ കുട്ടി പള്ളിയില്‍ നിന്നിറങ്ങി പോകുന്നതു വരെ മണിക്കൂറുകളോളം ഞാന്‍ കാത്തു നിന്നു. ജെസ്ന ഉപയോഗിച്ചിരുന്ന പോലെയുള്ള കണ്ണട, പല്ലില്‍ കമ്പിയിട്ടിരിക്കുന്നത്, മുടി കെട്ടുന്ന രീതി ഇതെല്ലാമായിരിക്കും പലര്‍ക്കും സാമ്യം തോന്നുന്നത്. പ്രധാനമന്ത്രിയെ കണ്ടു നിവേദനം കൊടുത്തപ്പോഴാണ് കേസ് സിബിഐയെ ഏല്‍പ്പിക്കുന്നത്. കേസ് പഠിക്കുന്നതിനിടയ്ക്ക് ആവശ്യമുള്ളപ്പോള്‍ വിളിക്കാറുണ്ട്. സിബിഐ ഏറ്റെടുത്ത ഭൂരിഭാഗം കേസുകളും തെളിയിച്ചിട്ടുള്ളതല്ലേ. എന്തെങ്കിലും സൂചന കിട്ടും എന്നു തന്നെയാണ് വിശ്വസിക്കുന്നത്.

ആരോ കൊച്ചിനെ തട്ടിക്കൊണ്ടു പോയതായിരിക്കും എന്നാണ് എന്റെ മനസ്സില്‍. വിളിക്കാനോ വരാനോ കഴിയാത്ത ഒരിടത്തു കുടുങ്ങി കിടക്കുകയാണ്. ആദ്യം കിട്ടുന്ന അവസരത്തില്‍ എന്റെ കൊച്ച്‌ ഓടി വരും. എനിക്കുറപ്പുണ്ട്.ഭാര്യയുടെ മരണം, മകളുടെ തിരോധാനം. കുടുംബത്തെ അത്രയും ശ്രദ്ധിക്കുന്ന ഒരാളായിട്ടു കൂടി ഇങ്ങനെയെല്ലാം സംഭവിച്ചതോര്‍ക്കുമ്പോള്‍ വിഷമം വരും. ഭാര്യ ഫ്രാന്‍സി ഉണ്ടായിരുന്നെങ്കില്‍ ഇതൊന്നും സഹിക്കാന്‍ കഴിയുമായിരുന്നില്ല. അവള്‍ ഈ വേദനയില്‍ നിന്നു രക്ഷപെട്ടല്ലോയെന്നും ജെയിംസ് പറഞ്ഞു.

മൂത്തമകളെ മുക്കൂട്ടുതറയിലേക്കാണ് വിവാഹം ചെയ്തയച്ചിരിക്കുന്നത്. ആ വീട്ടിലും ചെന്നു പലരും പറഞ്ഞു. ‘വിവാദമുള്ള വീട്ടില്‍ നിന്നാണോ നിങ്ങള്‍ മകനു പെണ്ണന്വേഷിക്കുന്നത്.’ അപ്പോള്‍ മരുമകന്റെ അമ്മ പറഞ്ഞു.’ഞങ്ങള്‍ക്ക് അവരെ വര്‍ഷങ്ങളായി അറിയാം. എന്റെ മകന്‍ ആ കുടുംബത്തില്‍ നിന്നു തന്നെ കല്യാണം കഴിക്കും.’

ജെസ്നയെ കാണാതായ സമയത്തു എന്റെ കണ്‍സ്ട്രക്‌ഷന്‍ കമ്പിനി വഴി പണിതു കൊണ്ടിരുന്ന വീടിനടിയില്‍ കൊച്ചിന്റെ ബോഡി കുഴിച്ചിട്ടുണ്ട് എന്നൊരൂഹം പരന്നു. ‘ദൃശ്യം’ സിനിമ കണ്ട ആരുടെയോ വികൃതി. അവിടെ മണ്ണു മാന്തി ഇളക്കി മറിച്ചു. ജെസ്നയെ വീട്ടില്‍ നിന്നു ബസ് സ്റ്റോപ്പിലേക്കു കൊണ്ടുവിട്ട ഓട്ടോ ഡ്രൈവറെ നിരന്തരമായി ചോദ്യം ചെയ്തിട്ടുണ്ട്. അയാള്‍ സത്യത്തില്‍ ഉറച്ചു നിന്നു. ഞങ്ങള്‍ കൊന്നിട്ടില്ലെന്നതിനു അയാളുടെ മൊഴി തെളിവല്ലേ. അതുപോലെ ബസിലിരിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍.

എന്നിട്ടും എന്തേ ഇങ്ങനെ ചിന്തിക്കുന്നുവെന്നു എനിക്കറിയില്ല. ഞങ്ങളറിയാത്ത ഒരു ഫോണ്‍ ജെസ്ന ഉപയോഗിച്ചിരുന്നു എന്നൊക്കെ ശ്രൂതിയുണ്ടായിരുന്നു. അതെല്ലാം തെറ്റാണെന്നു തെളിഞ്ഞു. അതുപോലെ പാസ്പോര്‍ട്ട് എടുത്തിരുന്നു എന്നതും. മകന്‍ സിവില്‍ എന്‍ജിനീയറിങ്ങിനു പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു. കേസിന്റെ പിന്നാലെ നടന്നു അവന്റെ ഒരു വര്‍ഷം നഷ്ടപ്പെട്ടു. ചാനലുകളില്‍ ചര്‍ച്ചയ്ക്കു വന്നിരുന്നവര്‍ എന്തെല്ലാമാണ് അവനെ കുറിച്ചു വിളിച്ചു പറഞ്ഞത്. അപ്പോഴും അവന്‍ അനിയത്തിയെ കണ്ടുപിടിക്കാനോടുകയായിരുന്നു.

വിഷാദത്തിലേക്കു അവന്‍ വീണു പോകുന്നത് എനിക്കു ചിന്തിക്കാന്‍ വയ്യ. ഒരു മാറ്റമാകട്ടെ എന്നു കരുതിയാണ് കാനഡയ്ക്കു പഠിക്കാനയച്ചത്. മുന്‍വിധികളില്ലാതെ സത്യം മനസ്സിലാക്കിയതിനു ശേഷമേ പ്രതികരിക്കാനും കുറ്റം ആരോപിക്കാനും പാടുള്ളൂ. അതു സമൂഹം പഠിക്കുക തന്നെ വേണം. ടീച്ചറാകണമെന്നായിരുന്നു ജെസ്നയുടെ ആഗ്രഹം. അവള്‍ പോകുന്നതിന്റെ തലേന്നാണ് മൂന്നാമത്തെ സെമസ്റ്ററിന്റെ റിസല്‍റ്റ് വന്നത്. 96 ശതമാനം മാര്‍ക്കുണ്ടായിരുന്നു. അവള്‍ക്ക് സമ്മാനമായി മാല വാങ്ങി കൊടുക്കാമെന്നു പറഞ്ഞതാണ്. വീട്ടിലേക്കുള്ള മടങ്ങി വരവ് വൈകുന്നുവെങ്കിലും കൊച്ച്‌ സ്വപ്നത്തില്‍ ഇടയ്ക്കിടെ എന്റെയരികിലെത്താറുണ്ട്.

മകള്‍ നഷ്ടപ്പെട്ടു എന്നൊരു ചിന്ത എനിക്കില്ല. ‘വരും’ എന്നു തന്നെയാണ് മനസ്സു മന്ത്രിക്കുന്നത്. എനിക്കെന്തെങ്കിലും സംഭവിക്കുന്നതിനു മുമ്പ് എന്താണ് നടന്നതെന്നറിയണം. ആ പ്രാര്‍ഥന മാത്രം… ജെയിംസ് ജോസഫിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാറമടയിൽ നിന്ന് സ്ഫോടകവസ്തുക്കൾ കണ്ടെടുത്തു

0
കൊച്ചി : പെരുമ്പാവൂർ ഓടക്കാലിയിൽ പ്രവർത്തനം നിലച്ച പാറമടയിൽ നിന്ന് സ്ഫോടകവസ്തുക്കൾ കണ്ടെടുത്തു....

അഹമ്മദാബാദിലെ ഒധവിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ സംഘപരിവാർ ആക്രമണം

0
അഹമ്മദാബാദ്: അഹമ്മദാബാദിലെ ഒധവിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ സംഘപരിവാർ ആക്രമണം. വിഎച്ച്പി,...

കൈക്കൂലിയായി ഇറച്ചിയും ? ; നാറാണംമൂഴി ഗ്രാമപഞ്ചായത്തില്‍ അനധികൃത ഇറച്ചിക്കടകള്‍ വ്യാപകം

0
റാന്നി : നാറാണംമൂഴി ഗ്രാമപഞ്ചായത്തില്‍ അനധികൃത ഇറച്ചിക്കടകള്‍ വ്യാപകം. പഞ്ചായത്ത് അധികൃതരുടെ...

പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങൾ പൂർത്തിയായതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി

0
തിരുവനന്തപുരം: പതിനാറ് വർഷത്തിന് ശേഷം സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കുന്ന പാഠ്യപദ്ധതി...