പത്തനംതിട്ട : രാജ്യ താല്പര്യങ്ങളെക്കാൾ രാഷ്ട്രീയ താല്പര്യങ്ങൾക്ക് മുൻഗണന കൊടുക്കുവാൻ നരേന്ദ്രമോദി തയ്യാറാകുന്നതാണ് ചൈനയുടെയും പാകിസ്ഥാന്റെയും അതിർത്തി പ്രദേശങ്ങളിൽ സംഘർഷാവസ്ഥ രൂക്ഷമാകുവാൻ കാരണമെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു. എ.ഐ.സി.സി ആഹ്വാനപ്രകാരം ജവഹർ ബാലജനവേദി ജില്ലാ കമ്മിറ്റി പത്തനംതിട്ട യുദ്ധ സ്മാരകത്തിൽ സംഘടിപ്പിച്ച ഷഹിദോംകാ സലാം ദിവസ് പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യ – ചൈന അതിർത്തിയിൽ വീരമൃത്യുവരിച്ച 20 ജവാന്മാരുടെ സ്മരണാർത്ഥമാണ് ചടങ്ങ് സംഘടിപ്പിച്ചത്.
ചൈനയുടെ കടന്നുകയറ്റത്തെ ന്യായീകരിക്കുന്ന കേന്ദ്രസർക്കാരും ചൈനീസ് ആക്രമണത്തെപ്പറ്റി ഒരക്ഷരംപോലും ഉരിയാടാത്ത പിണറായി സർക്കാരും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ ആണെന്നും ധീര ജവാന്മാരുടെ ഓര്‍മ്മക്കു മുന്നിൽ രാജ്യം ഒരേ മനസ്സോടെ പുഷ്പാഞ്ജലികൾ അർപ്പിക്കുകയാണെന്നും എംപി പറഞ്ഞു.
ജില്ലാ ചെയർമാൻ തട്ടയിൽ ഹരികുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് വെട്ടൂർ ജ്യോതി പ്രസാദ് ദേശ രക്ഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. റെനീസ് മുഹമ്മദ് , ജയശ്രീ വി.റ്റി., പി.കെ. ഇഖ്ബാൽ , മുഹമ്മദ് സാദിഖ് എന്നിവർ പ്രസംഗിച്ചു.